ന്യൂഡല്‍ഹി:പൗരത്വഭേദഗതി നിയമവുമായി ( സി.ഐ.എ) ബന്ധപ്പെട്ട് നടന്ന ഡല്‍ഹി കലാപ കേസില്‍ 15 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ കുറ്റപത്രം സമര്‍പ്പിച്ചു. യു.എ.പി.എ നിയമവും ആയുധ നിയമവും ഉള്‍പ്പെടെ ചുമത്തിയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതേ സമയം, നേരത്തെ അറസ്റ്റിലായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ പേരുകള്‍ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലില്ല.
ഇവരുടെ പേര് അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ഈസ്റ്റ് ഡല്‍ഹിയിലെ കര്‍കര്‍ദൂമ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന് 17,500 പേജുകളാണുള്ളത്. കഴിഞ്ഞ ഫെബ്രുവരി 24നാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം വര്‍ഗീയ കലാപത്തിലേക്ക് വഴിവച്ചത്. 53 പേര്‍ കലാപത്തനിടെ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്കാണ് വീടുകള്‍ നഷട്മായത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് കലാപത്തില്‍ നശിപ്പിക്കപ്പെട്ടത്.
25 വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഗൂഡാലോചന നടത്തിയവര്‍ കലാപത്തിന്റെ ആസൂത്രണങ്ങള്‍ നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഫെബ്രുവരി 24 മുതലുള്ള വാട്സ്‌ആപ്പ് ചാറ്റുകളും പൊലീസ് കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ദേവാംഗന കാലിത, നടാഷ നര്‍വാള്‍, ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ, മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇഷ്രത് ജഹാന്‍, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍ ആയ സഫൂറ സാര്‍ഗര്‍, മീറന്‍ ഹൈദര്‍, സസ്പെന്‍ഷനിലായ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍, ആക്ടിവിസ്റ്റ് ഖാലിദ് സൈഫി തുടങ്ങിയവരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്.
കൂടാതെ സാങ്കേതിക തെളിവുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും കുറ്റപത്രത്തിനൊപ്പം പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്.