ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേതഗതിയ്ക്കെതിരായ പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത ഡല്‍ഹി കലാപക്കേസിലെ, പൊലീസ് കുറ്റപത്രത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പേരും .
പ്രതിഷേധം സംഘടിപ്പിക്കാന്‍ നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലെ ആരോപണം. കേസില്‍ അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ പേര് ഉള്‍പ്പെടുത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഏറ്റവും തീവ്രമായ രീതിയില്‍ മുന്‍പോട്ടു കൊണ്ടുപോകാന്‍ ഇവര്‍ ആവശ്യപ്പെട്ടെന്നാണ് മൊഴി. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തുടങ്ങാന്‍ ഒരു ദിവസം മാത്ര ബാക്കി നില്‍ക്കെയാണ് പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡല്‍ഹി കലാപത്തിന്റെ കുറ്റപത്രം
സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തികവിദഗ്ധ ജയന്തി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി നിര്‍മാതാവ് രാഹുല്‍ റോയ് തുടങ്ങിയവരുടെ പേരുകളും അനുബന്ധ കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപുറപ്പെട്ടത്. ആക്രമണങ്ങളില്‍ 53 പേരാണ് മരിച്ചത്. 581 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി സീതാറാം യെച്ചൂരി രംഗത്ത് എത്തി. പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് സീതാറാം യച്ചൂരി പ്രതികരിച്ചു. ബിജെപിയുടെ നീക്കത്തില്‍ ഭയപ്പെടുന്നില്ല. ഈ അടിയന്തരാവസ്ഥയെ പരാജയപ്പെടുത്തും.പൗരത്വ നിയമം ഉള്‍പ്പടെയുള്ള വിവേചന നീക്കങ്ങളെ എതിര്‍ക്കുമെന്നും യച്ചൂരി ട്വീറ്റ് ചെയ്തു