ന്യൂഡല്‍ഹി: കോവിഡ് വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പോലീസ്.
സംഭവത്തില്‍ പ്രധാന പ്രതിയെന്ന് കണ്ടെത്തിയ അരവിന്ദ് ഗൗതം എന്ന എ.എ.പി പ്രവര്‍ത്തകന്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ‘മോദിജി, നമ്മുടെ കുഞ്ഞുങ്ങള്‍ക്കായുള്ള വാക്സിന്‍ എന്തിനാണ് വിദേശത്തേക്ക് കയറ്റി അയച്ചത്’ എന്ന് പരിഹാസരൂപേണ കറുത്ത പ്രതലത്തില്‍ വെളുത്ത അക്ഷരങ്ങളിലായിരുന്നു പോസ്റ്ററുകള്‍. ഹിന്ദിയിലായിരുന്നു പോസ്റ്ററുകള്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
സംഭവത്തില്‍ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാനുള്ള നിയമപ്രകാരം മെയ് 12ന് ഫയല്‍ ചെയ്ത കേസില്‍ ഇതു വരെ പതിനേഴോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലാണ് ഡല്‍ഹി പോലീസ്.
പോസ്റ്റര്‍ പ്രിന്റ് ചെയ്ത സ്ഥലത്തെ കുറിച്ച് യാതൊരു വിവരവും അതിലുണ്ടായിരുന്നില്ലെന്നും പിടിയിലായവരുടെ മൊഴിയില്‍ നിന്ന് അരവിന്ദ് ഗൗതമാണ് പ്രധാന പ്രതിയെന്ന് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി. വാട്സ് ആപ്പ് സന്ദേശത്തിലൂടെ പോസ്റ്റര്‍ നിര്‍മാണത്തിനുള്ള നിര്‍ദേശം അരവിന്ദ് നല്‍കിയതായും 9,000 രൂപ കൈമാറിയതായും പോലീസ് അറിയിച്ചു.
പോസ്റ്ററിനെ അനുകൂലിച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ രംഗത്ത് വന്നിരിന്നു. പോസ്റ്റര്‍ വിവാദത്തില്‍ 17 പേരെ അറസ്റ്റ് ചെയ്തതിനെതിരെ എന്നെയും അറസ്റ്റ് ചെയ്യൂ എന്നായിരിന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. അറസ്റ്റിനെതിരെ നടന്‍ കമല്‍ ഹാസനും രംഗത്ത് വന്നിരിന്നു.