ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടു കൂടിയുള്ള ലൈംഗികബന്ധത്തിനു ശേഷം പിന്നീട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതി ഉന്നയിക്കുന്നതില്‍ കഴമ്പില്ലെന്നും ജസ്റ്റിസ് വിഭു ബഖ്രു വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തയാള്‍ക്കെതിരെ ഡല്‍ഹി സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ണായക നിരീക്ഷണം.
മാസങ്ങളോളം ഒന്നിച്ച് താമസിക്കുകയും ശാരീരികബന്ധം തുടരുകയും ചെയ്തശേഷം അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പിരിയുന്നവര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാകുന്നെന്നും നിയമം ദുരുപയോഗം ചെയ്യുകയാണെന്നും കോടതി നിരീക്ഷിച്ചു.