ന്യൂഡൽഹി:ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്റെ നില അതീവ ഗുരുതരം. മന്ത്രിക്ക് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. കടുത്ത പനിയും ശ്വാസമെടുക്കാൻ ഏറെ പ്രയാസവും നേരിടുന്നുണ്ട്. ഡൽഹി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിൽനിന്നും അദ്ദേഹത്തെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി. പ്ലാസ്മ തെറാപ്പിക്ക് അദ്ദേഹത്തെ വിധേയമാക്കും.
കടുത്ത പനിയും ശ്വാസതടസ്സവും മൂലം കഴിഞ്ഞ തിങ്കളാഴ്ചയാണ് സത്യേന്ദ്ര ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച നടത്തിയ ആദ്യ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ജൂൺ 17 ന് നടത്തിയ രണ്ടാം പരിശോധനയിലാണ് ഫലം പോസിറ്റീവായത്. കോവിഡ് പരിശോധന ഫലം പോസിറ്റീവായ വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഡൽഹിയിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ജെയിൻ പങ്കെടുത്തിരുന്നു. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബയ്ജാൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സത്യേന്ദ്ര ജെയിനുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റൈനിൽ പോകാൻ ഡോക്ടർ നിർദേശം നൽകിയതായി ഡൽഹി സർക്കാരിലെ ചില വൃത്തങ്ങൾ വ്യക്തമാക്കി.