ന്യൂഡൽഹി: ‘മദർ ഓഫ് സാത്താൻ’ എന്നറിയപ്പെടുന്ന അതിമാരക സ്ഫോടക വസ്തുക്കളാണ് ഡൽഹിയിൽ സ്ഫോടനത്തിനായി ഉപയോഗിച്ചതെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ഡിറ്റനേറ്ററിന്റെ ആവശ്യമില്ലാതെ ചെറുചൂടിൽ പൊട്ടിത്തെറിക്കുന്ന ട്രയാസിടോൺ ട്രൈ പെറോക്സൈഡ് (ടിഎടിപി) സ്ഫോടനത്തിനായി ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
അമോണിയം നൈട്രേറ്റ് ആയിരിക്കാം സ്ഫോടനത്തിന് കാരണമെന്ന് പോലീസ് നേരത്തെ വിലയിരുത്തിയിരുന്നു. എന്നാൽ, സാഹചര്യം പരിശോധിച്ചു നോക്കുമ്പോൾ ടിഎടിപി ആയിരിക്കാം സ്ഫോടനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഫൊറൻസിക് പരിശോധിനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.
താപനിലയിലെ മാറ്റം, ഘർഷണം, മർദ്ദം തുടങ്ങി അന്തരീക്ഷത്തിലെ ഏത് മാറ്റവും ടിഎടിപിയുടെ സ്ഫോടനത്തിന് കാരണമായേക്കാം. ഏറെ അപകടകാരി കൂടിയാണിത്. അമോണിയം നൈട്രേറ്റ് പോലെ സ്ഫോടനം നടക്കാൻ ഇതിൽ ഡിറ്റനേറ്ററിന്റെ ആവശ്യമില്ല. സ്ഫോടന സ്ഥലത്തുണ്ടായ ശക്തമായ പ്രകമ്പനവും നാശനഷ്ടങ്ങളും വിലയിരുത്തുമ്പോൾ ടിഎടിപിയുടെ സാന്നിധ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഫൊറൻസിക് സംഘം അവശിഷ്ടങ്ങൾ പരിശോധിച്ചു വരികയാണ്. ഭീകരപ്രവർത്തനത്തിനായി കൊണ്ടുപോകും വഴി അബദ്ധത്തിൽ ബോംബ് പൊട്ടിത്തെറിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം, ടിഎപിഎ നിർമിക്കാനാവശ്യമായ രാസവസ്തുക്കൾ ഉമറിന് എങ്ങനെ കിട്ടി എന്നതിൽ വ്യക്തതയില്ല. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഉമറിന് പിന്നിൽ ആരെങ്കിലും ഉണ്ടായിരുന്നോ, സ്ഫോടക വസ്തുക്കൾ തയ്യാറാക്കുന്നതിൽ പിന്തുണ ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരുന്നുണ്ട്. ടിഎടിപിയാണ് പൊട്ടിത്തെറിച്ചതെങ്കിൽ അത് എങ്ങനെ അത്രയും നേരം കാറിൽ സൂക്ഷിച്ചു എന്നതും പരിശോധിക്കേണ്ടതുണ്ട്.
ലോകത്ത് അനധികൃത ബോംബ് നിർമ്മാതാക്കൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളിൽ ഒന്നാണ് ടിഎടിപി. ‘മദർ ഓഫ് സാത്താൻ’ എന്നാണ് ഇത് അറിയപ്പെടുന്നത്. 2017-ൽ ബാഴ്സലോണയിലേയും മാഞ്ചസ്റ്ററിലേയും 2015-ൽ പാരിസിലേയും 2016-ൽ ബ്രസൽസിലേയും ഭീകരാക്രമണങ്ങൾക്കായി ഉപയോഗിച്ചത് ടിഎടിപിയാണെന്നാണ് വിവരം. ഡൽഹിയിലെ സാഹചര്യങ്ങളും വിരൽ ചൂണ്ടുന്നത് ടിഎടിപി ആയിരിക്കാം സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന നിഗമനത്തിലേക്കാണ്.


