350 Kg സ്‌ഫോടകശേഖരം പിടിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ഡൽഹിയെ ഞെട്ടിച്ച് സ്ഫോടനം; നടന്നത് ഭീകരാക്രമണമോ?

350 Kg സ്‌ഫോടകശേഖരം പിടിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ഡൽഹിയെ ഞെട്ടിച്ച് സ്ഫോടനം; അതിജാഗ്രത

ന്യൂഡല്‍ഹി: ബിഹാറില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ, രാജ്യത്തെയാകെ ഞെട്ടിച്ച് ഡല്‍ഹിയില്‍ ഉഗ്ര സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം തിങ്കളാഴ്ച രാത്രി 6.55നായിരുന്നു ഡല്‍ഹി നടുങ്ങിയ പൊട്ടിത്തെറിയുണ്ടായത്‌. സംഭവത്തില്‍ ഒൻപത് പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും തീപ്പിടിച്ചിട്ടുണ്ട്. 25 ഓളം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ അഗ്നിക്കരയാകുകയോ ചെയ്തിട്ടുണ്ട്‌.

തൊട്ടടുത്ത പ്രദേശമായ ഫരീദാബാദില്‍ ഒരു ഡോക്ടറുടെ പക്കല്‍നിന്ന് വന്‍ സ്‌ഫോടകവസ്തുശേഖരം പിടിച്ചെടുത്ത സംഭവംകൂടി ഇതോട് ചേര്‍ത്തുവായിക്കുമ്പോള്‍ വന്‍ ആശങ്കയ്ക്കാണ് വകനല്‍കുന്നത്. തൊട്ടടുത്ത സ്ഥലത്തുനിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത് മണിക്കൂറുകള്‍ക്കകം ഡല്‍ഹിയില്‍ സ്‌ഫോടനമുണ്ടായി എന്നത് സുരക്ഷാ ഏജന്‍സികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. യുപിയിലും മുംബൈയിലും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ഫരീദാബാദില്‍നിന്ന് ഒരു എകെ 47 റൈഫിളും 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കളുമാണ് ജമ്മുകശ്മീര്‍ പോലീസ് കണ്ടെടുത്തത്. ശ്രീനഗറില്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകള്‍ പതിച്ചെന്നാരോപിച്ച് യുപിയിലെ സഹാറന്‍പുരില്‍നിന്ന് ഒരു കശ്മീരി ഡോക്ടറെയും അറസ്റ്റ് ചെയ്തിരുന്നു. അനന്തനാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അധ്യാപകനായ ഡോക്ടര്‍ അദീല്‍ അഹ്‌മദ് റാത്തറിന്റെ ലോക്കറില്‍നിന്ന് ഒരു എകെ-47 തോക്കും കണ്ടെടുത്തിരുന്നു. അറസ്റ്റിലായ ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫരീദാബാദില്‍നിന്ന് സ്‌ഫോടകവസ്തുക്കളും തോക്കും വെടിക്കോപ്പുകളും പോലീസ് കണ്ടെടുത്തതെന്നാണ് വിവരം.

എകെ 47 റൈഫിളും പിസ്റ്റളും വെടിയുണ്ടകളും സൂക്ഷിക്കാന്‍ ഉപയോഗിച്ച കാര്‍, ഫരീദാബാദിലെ ഒരു ആശുപത്രിയില്‍ ഡോ. മുജമ്മില്‍ ഷക്കീലിനൊപ്പം ജോലിചെയ്യുന്ന വനിതാ ഡോക്ടറുടേതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അമോണിയം നൈട്രൈറ്റെന്ന് സംശയിക്കുന്ന 350 കിലോ സ്‌ഫോടകവസ്തുക്കള്‍, 20 ടൈമറുകള്‍, മറ്റ് സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയാണ് കാറിലുണ്ടായിരുന്നത്.

ഇത്തരത്തില്‍ ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നിട്ടും അധികൃതരുടെ മൂക്കിനുതാഴെ ഉഗ്രന്‍ സ്‌ഫോടനമുണ്ടായത് കടുത്ത ആശങ്കയുണർത്തുന്നതാണ്. പൊട്ടിത്തെറി ഭീകരാക്രമണ സാധ്യതയിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടൂന്നത്. അങ്ങനെയെങ്കില്‍ ഫരീദാബാദില്‍നിന്ന് പിടികൂടിയ ഭീകരരുമായി ഈ സ്‌ഫോടനത്തിന് ബന്ധമുണ്ടോ എന്നതും, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റേതെങ്കിലും സ്ലീപ്പര്‍ സെല്ലുകള്‍ക്ക് പങ്കുണ്ടോ എന്നതും അന്വേഷണവിധേയമാക്കേണ്ടതുണ്ട്. 

ഇതിനെല്ലാമിടയിലാണ് നാളെ (നവംബര്‍ 11) ബിഹാറിലെ 122 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബിഹാറില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിങ് ബൂത്തുകളിലും അനുബന്ധ സ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി. കേന്ദ്ര സായുധ പോലീസ് സേനയുടെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ വലയം ബിഹാറില്‍ ഒരുക്കിയിട്ടുണ്ട്. അതിര്‍ത്തികളിലും യുപിയില്‍നിന്നും ഡല്‍ഹിയില്‍നിന്നുമുള്ള പ്രവേശന കവാടങ്ങളിലും കര്‍ശനമായ വാഹന പരിശോധനകള്‍ ആരംഭിച്ചു. ബിഹാറിലെ പോളിങ് ശതമാനത്തെയടക്കം ഇത് ബാധിച്ചേക്കാമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News