തിരുവനന്തപുരം: വിവാദമായ കശ്മീര്‍ പരാമര്‍ശത്തില്‍ തനിക്കെതിരെ സമർപ്പിച്ച ഹര്‍ജി ഡൽഹി റോസ് അവന്യൂ കോടതി തള്ളിയതിൽ പ്രതികരണവുമായി കെ ടി ജലീൽ എംഎൽഎ. കെട്ടിച്ചമച്ച ജല്പനങ്ങൾക്ക് അൽപ്പായുസ്സ് മാത്രമാണെന്നും സംഘിയുടെ രാജ്യദ്രോഹപരാതി കോടതി തള്ളിയെന്നും ജലീൽ പ്രതികരിച്ചു. ഒടുവിൽ ഡൽഹി പടക്കവും ചീറ്റിപ്പോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകന്‍ ജി എസ് മണിയാണ് ജലീലിനെതിരെ ഹര്‍ജി നല്‍കിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം….
കെട്ടിച്ചമച്ച ജൽപ്പനങ്ങൾക്ക് അൽപ്പായുസ്സ് മാത്രം. എന്തൊക്കെയായിരുന്നു പുകിൽ. പോലീസ് നടപടി ഭയന്ന് ജലീൽ ഡൽഹി വിട്ടോടി! ജലീലിനെ കുരുക്കാൻ ഡൽഹി പോലീസ് വലവീശി! ഇക്കുറി ജലീൽ അകത്താകും! ജലീൽ രാജ്യദ്രോഹിയോ? അങ്ങിനെ എന്തൊക്കെ തലക്കെട്ടുകൾ. അവസാനം ഡൽഹി പടക്കവും ചീറ്റിപ്പോയി.
പ്രതിഫലം പറ്റാതെ കോടതിയിൽ സഹായിച്ച കുറ്റിപ്പുറം സ്വദേശി സഖാവ് രാംദാസേട്ടൻ്റെ മകനും എസ്എഫ്ഐ നാഷണൽ കമ്മിറ്റി മുൻ അംഗവും അനുജ സഹോദര സുഹൃത്തുമായ അഡ്വ: സുഭാഷ് ചന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
കശ്മീർ സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിൽ കെടിജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാർശങ്ങളാണ് നേരത്തെ വന്‍ വിവാദമായത്. ‘പാക് അധീന കശ്മീർ’ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ‘ആസാദ് കശ്മീർ’ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജന കാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമർശം.
ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു കെ ടി ജലീലിന്‍റെ വിശദീകരണം.