ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ വിവരങ്ങള്‍ തേടി ഡല്‍ഹി പോലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ,പീഡനത്തിനിരയായ പെൺകുട്ടികൾ തന്നെ വന്ന് കണ്ട് പ്രശ്നങ്ങൾ പറഞ്ഞിരുന്നെന്ന രാഹുലിൻ്റെ പ്രസ്താവനയിൽ വിവരങ്ങൾ തേടാനാണ് പൊലീസ് എത്തിയത്.
‘രാഹുലിനോട് സംസാരിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നത്. ജനുവരി 30-ന് ശ്രീനഗറില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവര്‍ ബലാത്സംഗത്തിനിരയായതായി തന്നോട് പറഞ്ഞിരുന്നുവെന്നുമുണ്ട്. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായി ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് വിശദാംശങ്ങള്‍ തേടുകയാണ്’ പോലീസ് സംഘത്തിന് നേതൃത്വം നല്കുന്ന സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ പറഞ്ഞു.
മാര്‍ച്ച് 15ന് നല്കിയ നോട്ടീസിന് രാഹുല്‍ മറുപടി നല്‍കിയിരുന്നില്ല. വീണ്ടും അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നുവെന്ന് ദില്ലി പൊലീസ് അറിയിച്ചു.ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയപ്പോഴാണ് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് രാഹുല്‍ പ്രസംഗിച്ചത്. എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. 45 ദിവസങ്ങള്‍ക്ക് ശേഷമാണ് ദില്ലി പൊലീസ് വിവരങ്ങള്‍ തേടി എത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ജനാധിപത്യത്തയേും പ്രതിപക്ഷത്തേയും കേന്ദ്ര സര്‍ക്കാര്‍ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് പൊലീസ് നടപടിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.