തോല്‍വിയ്ക്ക് പിന്നാലെ തിരിച്ചടി,ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്റും 2 കൗൺസിലർമാരും AAP-യിൽ ചേർന്നു

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എ.എ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അലി മെഹ്ദി, കൗണ്‍സിലര്‍മാരായ സബില ബീഗം, നസിയ ഖാതൂന്‍ എന്നിവരാണ് എഎപിയില്‍ ചേര്‍ന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇരുവരും.

ഡല്‍ഹിയില്‍ നടത്തിയ പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മൂന്നുപേര്‍ക്കും എഎപി അംഗത്വം നല്‍കിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പ്രവര്‍ത്തന മികവ് കണ്ടാണ് മൂന്നുപേരും പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ഡല്‍ഹിയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും ഞങ്ങള്‍ ക്ഷണിക്കുന്നതായും എഎപി നേതാവും എംഎല്‍എയുമായ ദുര്‍ഗേഷ് പതക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘കെജ്‌രിവാള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഞങ്ങള്‍ എഎപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ നാട്ടിലും വികസനം എത്തിക്കണം. കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ എഎപി പാര്‍ട്ടി രാജ്യതലസ്ഥാനം വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്’. എഎപിയില്‍ ചേര്‍ന്നതിന് പിന്നാലെ അലി മെഹ്ദി പറഞ്ഞു.

സബില ബീഗം മുസ്തഫബാദിലെ 243-ാം വാര്‍ഡില്‍ നിന്നും നസിയ ഖാതൂന്‍ ബ്രജ്പൂജിയിലെ 245-ാം വാര്‍ഡില്‍ നിന്നുമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമല്ലത്തതിനാല്‍ ഇരുവരേയും അയോഗ്യരാക്കാനും സാധിക്കില്ല.

15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് വലിയ ഭൂരിപക്ഷത്തോടെയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം എഎപി പിടിച്ചടക്കിയത്. 250 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 134 എണ്ണവും എഎപി പിടിച്ചെടുത്തിരുന്നു. 104 ഇടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. കോണ്‍ഗ്രസ് ഒമ്പത് ഇടത്തും വിജയിച്ചു. ഇതില്‍ രണ്ടുപേര്‍ പാര്‍ട്ടി മാറിയതോടെ കോണ്‍ഗ്രസിന്റെ അംഗബലം ഏഴിലേക്ക് ചുരുങ്ങി.

എംസിഡി തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഡൽഹി മേയർ തിരഞ്ഞെടുപ്പിലെ മുന്‍നിലപാട് തിരുത്തി ബിജെപി. ഭൂരിപക്ഷം ലഭിച്ചതിനാൽ അടുത്ത മേയർ ആം ആദ്മി പാർട്ടിയിൽ നിന്നായിരിക്കുമെന്ന് ബിജെപി വ്യക്തമാക്കി.

“എംസിഡിയിൽ ബിജെപി ശക്തമായ പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കും,” ദില്ലി ബിജെപി പ്രസിഡന്റ് ആദേശ് ഗുപ്ത ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. തന്റെ പാർട്ടി ഒരു അഴിമതിയും അനുവദിക്കില്ലെന്നും എംസിഡിയിൽ ഒരു “കാവൽ നായ” ആയി പ്രവർത്തിക്കുമെന്നും കൂട്ടിച്ചേർത്തു.

“ദില്ലി വൃത്തിയായിരിക്കണം, എംസിഡി നല്ല ജോലി ചെയ്യണം, അത് ഞങ്ങളുടെ മുൻഗണനയായിരിക്കും,” ദില്ലി ബിജെപി പ്രസിഡന്റ് ആദേശ് ഗുപ്ത കൂട്ടിച്ചേര്‍ത്തു. 

 എംസിഡി തെരഞ്ഞെടുപ്പിൽ എഎപി ഭൂരിപക്ഷം നേടിയിരിക്കാമെന്നും, എന്നാൽ മേയർ തിരഞ്ഞെടുപ്പ് ഒരു തുറന്ന അവസരമാണെന്നും. അംആദ്മി ഏറ്റവും വലിയ കക്ഷിയായ ചണ്ഡീഗഢിൽ ബിജെപിയിൽ നിന്ന് ഒരു മേയർ ഉണ്ടെന്ന് പറഞ്ഞിരുന്നു. ഇതോടെ ദില്ലിയില്‍ മേയര്‍ സ്ഥാനം ആംആദ്മിക്ക് നല്‍കാതെ ബിജെപി രാഷ്ട്രീയ തന്ത്രവുമായി രംഗത്ത് എത്തുമെന്നാണ് നിരീക്ഷിക്കപ്പെട്ടത്. ഇതില്‍ നിന്നാണ് പിന്നോട്ട് പോയി ഇപ്പോള്‍ ബിജെപി നിലപാട് വ്യക്തമാക്കുന്നത്. 

“ഇനി ദില്ലി ഒരു മേയറെ തെരഞ്ഞെടുക്കുകയാണ്. ആർക്കൊക്കെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്താം, നോമിനേറ്റഡ് കൗൺസിലർമാർ ഏത് രീതിയിൽ വോട്ടുചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും തെരഞ്ഞെടുപ്പ്. ദാഹരണത്തിന്, ചണ്ഡീഗഡിന് ഒരു ബിജെപി മേയറുണ്ട് ” ബിജെപിയുടെ ഐടി വകുപ്പ് മേധാവി അമിത് മാളവ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു

35 വാർഡുകളിലേക്കുള്ള ചണ്ഡീഗഡ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 14 സീറ്റുകൾ നേടി എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും മേയര്‍ സ്ഥാനാര്‍ത്ഥി ബിജെപിയുടെ ആയിരുന്നു. 

ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തെരഞ്ഞെടുപ്പിൽ 134 വാർഡുകൾ നേടി എഎപി ബുധനാഴ്ച ബിജെപിയുടെ ഒന്നര പതിറ്റാണ്ടിലേറെ നീണ്ട ആധിപത്യം തകര്‍ത്തിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News