ബെംഗളൂരു: ആവേശം അവസാന ഓവര്‍ വരെ നീണ്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ആറ് വിക്കറ്റിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ നാലാമത്. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ബാക്കി നിര്‍ത്തി ഡല്‍ഹി മറികടന്നു. അര്‍ധ സെഞ്ചറി നേടി പുറത്താകാതെനിന്ന ട്രിസ്റ്റന്‍ സ്റ്റബ്‌സും (47 പന്തില്‍ 60), 10 പന്തില്‍ 22 റണ്‍സടിച്ച ഡേവിഡ് മില്ലറുമാണ് ത്രില്ലര്‍ പോരാട്ടത്തില്‍ ഡല്‍ഹിയുടെ വിജയമുറപ്പിച്ചത്.
34 പന്തില്‍ 57 റണ്‍സെടുത്തു പുറത്തായ ഓപ്പണര്‍ കെ.എല്‍.രാഹുലിന്റെ ഇന്നിങ്‌സും ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായി. അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയുമായി ഡേവിഡ് മില്ലറാണ് ഡല്‍ഹിയുടെ വിജയറണ്‍ കുറിച്ചത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലെ 100-ാം ഐപിഎല്‍ മത്സരത്തിലാണ് ആര്‍സിബി തോല്‍വി വഴങ്ങിയത്. തോറ്റെങ്കിലും എട്ടു പോയിന്റുള്ള ബെംഗളൂരു രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം വിജയം സ്വന്തമാക്കിയ ഡല്‍ഹി ക്യാപിറ്റല്‍സ് ആറു പോയിന്റുമായി നാലാം സ്ഥാനത്തും തുടരുന്നു.
അവസാന 5 ഓവറില്‍ ആറ് വിക്കറ്റ് കൈയിലിരിക്കെ 46 റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിരുന്ന ഡല്‍ഹിയെ ഭുവനേശ്വര്‍ കുമാറിന്റെയും ജോഷ് ഹേസല്‍വുഡിന്റെയും ഓവറുകളിലൂടെ ആര്‍സിബി വരിഞ്ഞുമുറുക്കി. ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ പരിക്കേറ്റ് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലര്‍ക്കും അര്‍ധസെഞ്ചുറി നേടിയ ട്രിസ്റ്റന്‍ സ്റ്റബ്‌സിനും അടിച്ചു തകര്‍ക്കാന്‍ ഇടം കൊടുക്കാതെ ഭുവിയും ഹേസല്‍വുഡും തടഞ്ഞു നിര്‍ത്തിയതോടെ ആര്‍സിബി വിജയം സ്വപ്നം കണ്ടു.
അവസാന മൂന്നോവറില്‍ 37 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 24 പന്തുകളുടെ ബൗണ്ടറി വരള്‍ച്ചക്കുശേഷം സിക്‌സ് അടിച്ച സ്റ്റബ്‌സ് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കി. റാസിക് സലാം എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 10 റണ്‍സടിച്ച ഡല്‍ഹിക്ക് റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.
ഷെപ്പേര്‍ഡിന്റെ ആദ്യ രണ്ട് പന്തുകളിലും സിംഗിളുകളെടുക്കാനെ മില്ലര്‍ക്കും സ്റ്റബ്‌സിനുമായുള്ളു. ഇതോടെ ലക്ഷ്യം 4 പന്തില്‍ 13 ആയി. എന്നാല്‍ ഫുള്‍ടോസായ മൂന്നാം പന്ത് സിക്‌സിന് പറത്തിയ മില്ലര്‍ നാലാം പന്തും സിക്‌സിന് തൂക്കി സ്‌കോര്‍ തുല്യമാക്കി. അഞ്ചാം പന്തില്‍ ബൗണ്ടറി നേടി ഡല്‍ഹിയെ വിജയവര കടത്തി.
മറുപടി ബാറ്റിങ്ങില്‍ പവര്‍പ്ലേ ഓവറുകളില്‍ ഒരിക്കല്‍ കൂടി തന്റെ മികവ് തെളിയിച്ച പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഡല്‍ഹിയുടെ മൂന്നു വിക്കറ്റുകളാണു വീഴ്ത്തിയത്. 18 റണ്‍സെടുക്കുന്നതിനിടെ പതും നിസംഗ, (ഒന്ന്), കരുണ്‍ നായര്‍ (അഞ്ച്), സമീര്‍ റിസ്‌വി (രണ്ട്) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായത് ഡല്‍ഹിക്കു വന്‍ പ്രഹരമായി. എങ്കിലും കെ.എല്‍ രാഹുലും, ട്രിസ്റ്റന്‍ സ്റ്റബ്‌സും കൈകോര്‍ത്തതോടെ, പവര്‍പ്ലേയില്‍ ഡല്‍ഹി 50 റണ്‍സടിച്ചു.
സ്‌കോര്‍ 87ല്‍ നില്‍ക്കെ രാഹുലിനെ ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ വിരാട് കോലി ക്യാച്ചെടുത്തു പുറത്താക്കി. ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ പരുക്കേറ്റു പുറത്തായത് ഡല്‍ഹിക്കു തിരിച്ചടിയായി. അവസാന 12 പന്തുകളില്‍ 25 റണ്‍സായിരുന്നു ഡല്‍ഹിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അര്‍ധ സെഞ്ചറി നേടിയ ട്രിസ്റ്റന്‍ സ്റ്റബ്‌സിനൊപ്പം വിശ്വസ്തനായ ഡേവിഡ് മില്ലറും ക്രീസിലുള്ളതായിരുന്നു ഡല്‍ഹിയുടെ പ്രതീക്ഷ. റാസിഖ് സലാമിന്റെ 19-ാം ഓവറില്‍ ഡല്‍ഹി 10 റണ്‍സടിച്ചതോടെ 20-ാം ഓവറില്‍ വിജയലക്ഷ്യം 15 റണ്‍സായി ചുരുങ്ങി. റൊമാരിയോ ഷെഫേഡിന്റെ ആദ്യ രണ്ടു പന്തുകള്‍ ഇരുവരും സിംഗിളുകള്‍ പോയെങ്കിലും, മൂന്നും നാലും പന്തുകള്‍ സിക്‌സുകളും അഞ്ചാം പന്ത് ഫോറും പറത്തി ഡേവിഡ് മില്ലര്‍ ഒരു പന്തു ബാക്കി നില്‍ക്കെ ഡല്‍ഹിയുടെ വിജയമാഘോഷിച്ചു. ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ക്രുനാല്‍ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. അര്‍ധ സെഞ്ചറി നേടിയ ഫില്‍ സോള്‍ട്ടാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മൂന്ന് സിക്‌സുകളും നാല് ഫോറുകളും ബൗണ്ടറി കടത്തിയ താരം, 38 പന്തുകളില്‍നിന്ന് 63 റണ്‍സാണു നേടിയത്. 17 പന്തുകളില്‍നിന്ന് 26 റണ്‍സെടുത്ത ടിം ഡേവിഡാണ് ബാറ്റിങ്ങില്‍ പിടിച്ചുനിന്ന മറ്റൊരു ആര്‍സിബി താരം. മധ്യനിരയില്‍ ആര്‍ക്കും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല.
ടോസ് വിജയിച്ച ഡല്‍ഹി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 52 റണ്‍സിന്റെ അര്‍ധ സെഞ്ചറി കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും, വിരാട് കോലിക്ക് വലിയ സ്‌കോറിലേക്ക് എത്തിപ്പെടാന്‍ സാധിച്ചില്ല. പവര്‍പ്ലേ തീരുംമുന്‍പേ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ പതും നിസംഗ ക്യാച്ചെടുത്ത് കോലിയെ മടക്കി. പവര്‍പ്ലേയില്‍ 59 റണ്‍സാണ് ആര്‍സിബി സ്വന്തമാക്കിയത്.
മധ്യനിര താരങ്ങള്‍ പിടിച്ചുനിന്നതോടെ 10.1 ഓവറില്‍ ബെംഗളൂരു 100 പിന്നിട്ടു. 18 റണ്‍സടിച്ച ദേവ്ദത്ത് പടിക്കലിനെ ഡല്‍ഹി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. പിന്നാലെ അര്‍ധ സെഞ്ചറി പിന്നിട്ട ഓപ്പണര്‍ ഫില്‍ സോള്‍ട്ടും വീണു. സ്പിന്നര്‍ കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. എട്ടു റണ്‍സ് മാത്രം നേടിയ ക്യാപ്റ്റന്‍ രജത് പാട്ടീദാറിനെ മുകേഷ് കുമാറും പുറത്താക്കി. ഇതോടെ ആര്‍സിബിയുടെ റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞു. തകര്‍പ്പന്‍ ഷോട്ടുകളുമായി തുടങ്ങിയ ടിം ഡേവിഡ് അക്ഷര്‍ പട്ടേലിന്റെ 16-ാം ഓവറില്‍ പുറത്തായത് ആര്‍സിബിക്കു തിരിച്ചടിയായി. റൊമാരിയോ ഷെഫേര്‍ഡും (ഒന്ന്) വന്നപോലെ മടങ്ങി.
വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയായിരുന്നു അവസാന ഓവറുകളില്‍ ആര്‍സിബിയുടെ പ്രതീക്ഷ. എന്നാല്‍ ലുങ്കി എന്‍ഗിഡിയുടെ 20-ാം ഓവറില്‍ പുറത്തായ താരം നേടിയത് 20 പന്തില്‍ 14 റണ്‍സ് മാത്രം. ഡല്‍ഹിക്കായി ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുകേഷ് കുമാര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
Delhi Capitals secured a thrilling six-wicket victory over Royal Challengers Bengaluru at the Chinnaswamy Stadium, climbing to the fourth spot in the points table. Despite early jolts from Bhuvneshwar Kumar, half-centuries from Tristan Stubbs and KL Rahul anchored the chase, while David Miller’s last-over heroics sealed the win with a ball to spare. RCB, batting first, managed 175/8 courtesy of Phil Salt’s 63, but couldn’t defend the total in their 100th IPL match at home.


