രേഖകളില്ലാതെ ഐ20 കൈമാറിയത് ഡൽഹി മുതൽ ജമ്മുകശ്മീർ വരെ; പിന്തുടർന്ന് പോലീസെത്തിയത് ഉമർ മുഹമ്മദിൽ

ചെങ്കോട്ടയിലേത് ചാവേര്‍ സ്‌ഫോടനം; കാറിലുണ്ടായിരുന്നത് ഡോ.ഉമര്‍ മുഹമ്മദ്, സ്‌ഫോടകവസ്തുക്കളുമായി പിടിയിലായവരുടെ കൂട്ടാളി

ന്യൂഡൽഹി: ഡൽഹിയെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ബോംബ് സ്ഫോടനം ചാവേർ ആക്രമണം ആയിരുന്നെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. സംഭവം നടന്നതിനു പിന്നാലെ നടന്ന തീവ്രമായ അന്വേഷണമാണ് ഇത് ചാവേർ ആക്രമണമാണെന്ന കാര്യവും തീവ്രവാദ ബന്ധവും വെളിവാക്കിയത്.

പോലീസ് അന്വേഷണം ആരംഭിച്ചത് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച വെളുത്ത ഐ20 കാറിന്റെ തകർന്ന അവശിഷ്ടങ്ങളിൽനിന്നാണ്. രാജ്യത്തെ നടുക്കിയ, സ്ഫോടനത്തിന്‍റെ പിന്നിലെ നിഗൂഢതയുടെ ചുരുളഴിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ കാറിനേപ്പറ്റിയുള്ള വിശദമായ അന്വേഷണം അപ്പോൾത്തന്നെ ആരംഭിച്ചു. HR26CE7674 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ഈ കാർ 2013-ൽ നിർമ്മിച്ചതാണെന്നും ഇത് 2014-ൽ മുഹമ്മദ് സൽമാൻ എന്ന ആളുടെ പേരിലാണുണ്ടായിരുന്നതെന്നും പോലീസ് പെട്ടെന്നുതന്നെ കണ്ടെത്തി. ഗുരുഗ്രാം നിവാസിയായ സൽമാൻ കാറിന്റെ രണ്ടാമത്തെ ഉടമയായിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു. ഇയാളെ രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.

തുടർന്ന് കാറിന്‍റെ ഉടമസ്ഥത കൈമാറിയത് സംബന്ധിച്ച അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. സ്ഫോടനശേഷം പോലീസ് സൽമാനെ ബന്ധപ്പെട്ടപ്പോൾ, അദ്ദേഹം വാഹനം ഒഖ്‌ലയിലെ ദേവേന്ദ്ര എന്ന ആൾക്ക് വിറ്റതായി അറിയിച്ചു. ദേവേന്ദ്ര ഇത് അംബാലയിലെ ഒരാൾക്ക് കൈമാറി, അയാൾ ഇത് ജമ്മു കശ്മീരിലെ പുൽവാമയിലുള്ള ആമിറിന് വിറ്റു. ആമിറിൽനിന്ന് ഈ കാർ ഫരീദാബാദിലെ അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിൽ ജോലിചെയ്തിരുന്ന ഡോ. ഉമർ മുഹമ്മദിന്റെ കൈവശമെത്തി. സ്ഫോടനം നടക്കുമ്പോൾ കാർ ഓടിച്ചിരുന്നത് ഉമർ ആയിരിക്കാമെന്ന സംശയത്തിലേക്ക് പോലീസ് എത്തി.

ഗുരുഗ്രാം മുതൽ ജമ്മു കശ്മീർ വരെ സംസ്ഥാനങ്ങൾ മാറി കാർ കൈമാറ്റം ചെയ്യപ്പെട്ടെങ്കിലും രേഖകളിൽ കാറിന്‍റെ ഉടമസ്ഥത സൽമാന്റെ പേരിൽത്തന്നെയായിരുന്നു. രേഖയിലെ പേര് മാറ്റുന്നതിനുള്ള ചെലവുകൾ ഒഴിവാക്കാൻ ഉടമസ്ഥാവകാശം മാറ്റാതെ വാഹനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് സെക്കൻഡ് ഹാൻഡ് കാർ വിൽപ്പനക്കാർക്കിടയിൽ പതിവാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. പിടിക്കപ്പെടാതിരിക്കാനായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ പലപ്പോഴും രേഖകളില്ലാത്ത ഇത്തരം വാഹനങ്ങളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ, വാഹനം കുറ്റകൃത്യത്തിന്‍റെ ഭാഗമാകുന്നതോടെ രേഖയിലുള്ള ഉടമയിലേക്ക് അന്വേഷണം എത്തുകയും ചെയ്യും.

സ്ഫോടന സ്ഥലമായ നേതാജി സുഭാഷ് മാർഗ്ഗിലെ ട്രാഫിക് സിഗ്നലിൽ എത്തുന്നതിനുമുമ്പ് വെളുത്ത ഐ20 കാർ സഞ്ചരിച്ച വഴികൾ അന്വേഷകർ കണ്ടെത്തി. വാഹനത്തിന്‍റെ യാത്ര ഫരീദാബാദിൽ നിന്നാണ് ആരംഭിച്ചതെന്ന് വ്യക്തമായി. ബദർപൂർ അതിർത്തി വഴി തലസ്ഥാനത്തേക്ക് പ്രവേശിച്ച കാർ, സരായി കാലെ ഖാൻ, തിരക്കേറിയ ഐടിഒ കവല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള പാർക്കിങ് സ്ഥലത്തെത്തി.

സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, കാർ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.19-ന് പാർക്കിങ് സ്ഥലത്ത് പ്രവേശിച്ചു. പിന്നീട് മൂന്നു മണിക്കൂറും കാർ ഇവിടെത്തന്നെ തുടർന്നു. ഈ സമയത്ത് ഡ്രൈവർ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയില്ല. 6.28-ന് കാർ പാർക്കിങ് സ്ഥലത്തുനിന്ന് ട്രാഫിക് സിഗ്നലിലേക്ക് അടുക്കുകയും 6.52-ന് സ്ഫോടനം നടക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങളിൽ തുടക്കത്തില്‍ ഡ്രൈവറുടെ മുഖം വ്യക്തമായി കാണാമെങ്കിലും കാര്‍ മുന്നോട്ട് പോകുമ്പോള്‍ മുഖം മറച്ച ഒരാളാണ് ഡ്രൈവിങ് സീറ്റിലിരിക്കുന്നതെന്നാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സ്ഫോടനം നടത്തിയ ചാവേറായ ഡോ. ഉമർ മുഹമ്മദാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജമ്മു-കശ്മീര്‍, ഹരിയാണ പോലീസ് കഴിഞ്ഞ ദിവസം സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ കൂട്ടാളിയാണ് ഇയാൾ എന്നാണ് പോലീസ് പറയുന്നത്.

ജമ്മു-കശ്മീര്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലായി വ്യാപിച്ച ഭീകരവാദശൃംഖലയിലെ എട്ട് പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെ ഇതിലുണ്ടായിരുന്നു. 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് അടക്കം ഐഇഡി നിര്‍മാണത്തിനുള്ള 2900 കിലോഗ്രാം വസ്തുക്കള്‍ ഇവരില്‍നിന്ന് പിടികൂടിയിരുന്നു. പിടിയിലായ ഡോക്ടര്‍ മുസമ്മില്‍ അഹമ്മദ് ഖന്നെയുടെയും ഡോക്ടര്‍ അദീല്‍ അഹമ്മദ് റാത്തറിന്റെയും കൂട്ടാളിയാണ് ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഫരീദാബാദ് ഭീകരസംഘത്തിലെ പ്രധാനപ്രതിയും തന്റെ കൂട്ടാളിയുമായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ അറസ്റ്റിലായതോടെ ഉമര്‍ പരിഭ്രാന്തനായെന്നും തുടര്‍ന്നാണ് സ്‌ഫോടനത്തിന് പദ്ധതിയിട്ടതെന്നുമാണ് പോലീസിന്‍റെ നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News