ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അമോണിയം നൈട്രേറ്റ് മാത്രമല്ല ഉയർന്ന സ്ഫോടനനിലവാരമുള്ള വസ്തുക്കളും ഉപയോഗിച്ചിരുന്നതായി ഫൊറൻസിക് സംഘം. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സ്ഫോടകവസ്തു സാമ്പിളുകളിലൊന്ന് അമോണിയം നൈട്രേറ്റിനേക്കാൾ ശക്തിയേറിയതാണെന്നാണ് നിഗമനം.
സ്ഫോടനം നടന്നിടത്തു നിന്ന് വ്യത്യസ്തതരം സ്ഫോടകവസ്തുക്കളുടെ സാമ്പിളുകളാണ് ഫൊറൻസിക് സംഘം കണ്ടെടുത്തത്. ഫൊറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ഇവ സമഗ്ര ഫൊറൻസിക് വിശകലനത്തിനായി അയച്ചു. സ്ഫോടകവസ്തുവിന്റെ സ്വഭാവം ലബോറട്ടറി പരിശോധനയ്ക്കുശേഷം സ്ഥിരീകരിക്കും.
എല്ലാ സാമ്പിളുകളും എഫ്എസ്എൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. സ്ഫോടനത്തിൻ്റെ സ്വഭാവവും ഉപയോഗിച്ച വസ്തുക്കളും അന്തിമ റിപ്പോർട്ടോടെ വ്യക്തമാകും. അന്തിമ റിപ്പോർട്ട് അടുത്ത ദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് സൂചന. രണ്ട് കാട്രിഡ്ജുകൾ, ഒരു വെടിയുണ്ട, സ്ഫോടകവസ്തുക്കൾ എന്നിവയുൾപ്പെടെ നാൽപതിലധികം സാമ്പിളുകൾ ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘം സ്ഫോടനസ്ഥലത്ത് നിന്ന് ശേഖരിച്ചിട്ടുണ്ട്.
മരിച്ചവരിൽ ചിലരുടെ ശരീരത്തിൽ ഒരു ‘ക്രോസ്-ഇൻജുറി പാറ്റേൺ’ നിരീക്ഷിച്ചതായി മൗലാനാ ആസാദ് മെഡിക്കൽ കോളേജിലെ ഫൊറൻസിക് ഡിപ്പാർട്ട്‌മെൻ്റിലെ വിദഗ്ധർ പറയുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ ആളുകൾ ഭിത്തിയിലോ നിലത്തോ ചെന്നിടിച്ചതിനെയാണ് ‘ക്രോസ്-ഇൻജുറി പാറ്റേൺ’ എന്ന് അർത്ഥമാക്കുന്നത്. ഇത് പലരുടെയും ശരീരത്തിൽ എല്ലുകൾ ഒടിയുന്നതിനും തലയ്ക്ക് പരിക്കേൽക്കുന്നതിനും കാരണമായെന്ന് വിദഗ്ധർ പറഞ്ഞു. സ്ഫോടനത്തിൽ ഇരയായ ചിലരുടെ ശ്വാസകോശം, ചെവി, വയറ് എന്നിവിടങ്ങളിൽ കേടുപാടുകൾ സംഭവിച്ചതിൻ്റെ ലക്ഷണങ്ങളുണ്ടായിരുന്നു.
ഇത് സ്ഫോടനം വളരെ അടുത്താണ് നടന്നതെന്ന് സൂചിപ്പിക്കുന്നു. മൃതദേഹങ്ങളിലോ വസ്ത്രങ്ങളിലോ പരമ്പരാഗത സ്ഫോടകവസ്തുക്കളുടെ അംശങ്ങൾ കണ്ടെത്തിയില്ല. സ്ഫോടനത്തിന് പുതിയതോ പരിഷ്കരിച്ചതോ ആയ സ്ഫോടകവസ്തു ഉപയോഗിച്ചിരിക്കാമെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം അതിവേഗം പുരോഗമിക്കുകയാണ്. കാർ സ്ഫോടനം സാധാരണ ചാവേർ സ്ഫോടനമായിരുന്നില്ലെന്നും മറിച്ച് പരിഭ്രാന്തിയിലായ പ്രതി സ്ഫോടനം നടത്തുകയായിരുന്നുവെന്നും പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. സുരക്ഷാ ഏജൻസികൾ ഭീകര ശൃംഖലകളുമായി ബന്ധമുള്ള ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തുകയും ഫരീദാബാദ്, സഹാറൻപൂർ, പുൽവാമ, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വലിയ അളവിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സമ്മർദ്ദം മൂലം പ്രതി തിടുക്കത്തിൽ പ്രവർത്തിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
പ്രതി സാധാരണ ചാവേർ കാർ ബോംബാക്രമണത്തിൻ്റെ മാതൃക പിന്തുടർന്നില്ലെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്. പരമാവധി നാശനഷ്ടമുണ്ടാക്കാൻ ലക്ഷ്യമിടുന്ന ചാവേറുകളുടെ സാധാരണ പ്രവർത്തനരീതി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ബോംബ് പൂർണമായി വികസിപ്പിച്ചിരുന്നില്ലെന്നും സമയമെത്തും മുൻപേ പൊട്ടിയതാണെന്നും പരിശോധനയിൽ കണ്ടെത്തി. കൂടാതെ സ്ഫോടനത്തിൽ ഗർത്തം രൂപപ്പെട്ടില്ല, ചീളുകളോ മറ്റ് വസ്തുക്കളോ കണ്ടെത്തിയില്ല. സ്ഫോടനം നടക്കുമ്പോൾ വാഹനം ചലിച്ചുകൊണ്ടിരിക്കുകയായിരുന്നു, കൂടാതെ വലിയ ആൾനാശം വരുത്താൻ ശേഷിയുള്ളതായിരുന്നില്ല ഐഇഡി.
കേസിൻ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അന്വേഷണ റിപ്പോർട്ട് എത്രയും പെട്ടെന്ന് സമർപ്പിക്കാൻ ഏജൻസിക്ക് ചൊവ്വാഴ്ച നിർദ്ദേശം നൽകി. അതോടൊപ്പം സ്ഫോടന സ്ഥലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകൾ വിശകലനം ചെയ്യാനും ഒത്തുനോക്കാനും സ്ഫോടനത്തെക്കുറിച്ച് കാലതാമസമില്ലാതെ സമഗ്രമായ റിപ്പോർട്ട് നൽകാനും ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് (എഫ്എസ്എൽ) നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം ഭീകരവിരുദ്ധ ഏജൻസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും സ്ഥിരമായി അംഗവൈകല്യം സംഭവിച്ചവർക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റ ഓരോരുത്തർക്കും 5 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ചു.


