സ്ഫോടനത്തിൽ അറ്റുപോയ കൈ കണ്ടെടുത്തു, ഉമറിന്റേതോ? ബന്ധുക്കള്‍ കസ്റ്റഡിയില്‍, ഡിഎന്‍എ പരിശോധന

സ്ഫോടനത്തിൽ അറ്റുപോയ കൈ കണ്ടെടുത്തു, ഉമറിന്റേതോ? ബന്ധുക്കള്‍ കസ്റ്റഡിയില്‍, ഡിഎന്‍എ പരിശോധന

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ടുണ്ടായ സ്‌ഫോടനവും ഫരീദാബാദില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ച് വരികയാണ് പോലീസ്. 2900 കിലോ സ്‌ഫോടകവസ്തുക്കളുമായി മൂന്ന് ഡോക്ടര്‍മാരടക്കം എട്ടുപേരെയാണ് ഹരിയാണ-ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ഡോക്ടര്‍മാരുടെ കൂട്ടാളിയായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി എന്നയാളാണ് സ്‌ഫോടനം നടത്തിയതെന്നാണ് കണ്ടെത്തല്‍. സ്‌ഫോടനത്തില്‍ ഇയാളും കൊല്ലപ്പെട്ടതായാണ് വിവരം. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിനുള്ള നടപടികളിലാണ് അന്വേഷണസംഘം. ഉമര്‍ ഉന്‍ നബി പുല്‍വാമ സ്വദേശിയാണ്.

സ്‌ഫോടനസ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും ഫോറന്‍സിക് തെളിവുകളും ഡോക്ടര്‍ ഉമറിന്റെ പങ്കാളിത്തത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അന്വേഷ സംഘ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. സ്‌ഫോടനം  നടന്ന സ്ഥലത്ത് നിന്ന് അറ്റുപോയ ഒരു കൈ കണ്ടെടുത്തിട്ടുണ്ട്. നടന്ന കാറിന്റെ ഡ്രൈവറുടേതെന്ന് സംശയിക്കുന്നു. ഇത് ഉറപ്പിക്കുന്നതിനായി കശ്മീരിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചുവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു.

ഡോ. ഉമര്‍ യു നബി ഫരീദാബാദിലെ അല്‍-ഫലാഹ് മെഡിക്കല്‍ കോളേജില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നുവെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ പിടിയിലായ ഡോ. അദീലിന്റെ അടുത്ത സഹായിയായിരുന്നു ഉമറെന്നാണ് വിവരം. ഇവരെ പിടികൂടിയതോടെ പരിഭ്രാന്തിയിലായ ഉമര്‍ ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് വിവരം.

ഉമറിന്റെ പിതാവ് ഒരു സര്‍ക്കാര്‍ അധ്യാപകനായിരുന്നു. മാനസിക പ്രശ്‌നങ്ങള്‍ കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി ഉപേക്ഷിച്ചതായും പറയപ്പെടുന്നു. വീട്ടില്‍ രണ്ട് സഹോദരന്മാരും ഒരു മൂത്ത സഹോദരിയുമുണ്ട്. ഒരു സഹോദരനും സഹോദരിയും വിവാഹിതരാണ്, ഒരു സഹോദരന്‍ അവിവാഹിതനാണ്. അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരെയും മാതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ടെലിഗ്രാം ചാനലുകളിലൂടെ രൂപീകരിച്ച തീവ്രവല്‍ക്കരിക്കപ്പെട്ട ഒരു സംഘം മെഡിക്കല്‍ പ്രൊഫഷണലുകളില്‍ ഡോക്ടര്‍ ഉമറും ഉള്‍പ്പെട്ടിരുന്നുവെന്നും ഇവര്‍ ‘ഫരീദാബാദ് മൊഡ്യൂള്‍’ എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഗ്രൂപ്പ് രൂപീകരിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഉമര്‍ എംഡി മെഡിസിന്‍ പൂര്‍ത്തിയാക്കിയതെന്ന് വൃത്തങ്ങള്‍ പറയുന്നു. അതിനുശേഷം ജിഎംസി അനന്ത്‌നാഗില്‍ സീനിയര്‍ റെസിഡന്റായി ജോലി ചെയ്യുകയും പിന്നീട് ഡല്‍ഹിയിലേക്ക് പോവുകയും ചെയ്തു. നിലവില്‍ ഫരീദാബാദിലെ അല്‍-ഫലാഹ് മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു.

‘ഫരീദാബാദിലെയും ജമ്മു കശ്മീരിലെയും പോലീസ് റെയ്ഡുകളെ തുടര്‍ന്ന ഒളിവിലായിരുന്ന ഡോക്ടര്‍ ഉമര്‍ ഭയന്ന് തന്റെ കൈവശമുണ്ടായിരുന്ന സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ തീരുമാനിച്ചിരിക്കാം’- ഒരു മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News