‘ദീപാവലിക്ക് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു’ നിർണായക വെളിപ്പെടുത്തലുമായി ഡല്‍ഹി സ്‌ഫോടനക്കേസിലെ പ്രതികള്‍

ന്യൂഡല്‍ഹി: ദീപാവലിക്ക് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി ഡല്‍ഹി സ്‌ഫോടനക്കേസിലെ പ്രതികള്‍. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് മുന്‍പ് താനും ഡോ. ഉമര്‍ നബിയും ചെങ്കോട്ടയില്‍ നിരീക്ഷണം നടത്തിയിരുന്നതായി പ്രധാന പ്രതിയായ മുസമ്മില്‍ ഷക്കീല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി വിവരം.

മുസമ്മിലിന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത വിവരങ്ങള്‍ നിരത്തിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത വര്‍ഷം ജനുവരി 26-ന് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ഇതിന്റെ ഭാഗമായാണ് ചെങ്കോട്ടയ്ക്ക് സമീപം നിരീക്ഷണം നടത്തിയതെന്നും ചോദ്യം ചെയ്യലില്‍ മുസമ്മില്‍ പറഞ്ഞു.

ഈ ദീപാവലിക്ക് തിരക്കേറിയ സ്ഥലത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും മുസമ്മില്‍ പോലീസിനോട് പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം രാജ്യത്തെ നടുക്കുകയും സുരക്ഷാ ഏജന്‍സികളെ ജാഗരൂകരാക്കുകയും ചെയ്ത സ്‌ഫോടനത്തെ തുടര്‍ന്നാണ് ഡോക്ടറായ മുസമ്മിലിനെതിരെ അന്വേഷണം നടക്കുന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്നലിനടുത്തുവെച്ച് കാര്‍ പൊട്ടിത്തെറിച്ച് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ മുസമ്മിലിന്റെ സഹായിയും സഹപ്രവര്‍ത്തകനുമായ ഉമര്‍ മരിച്ചതായി കരുതപ്പെടുന്നു. 

സ്‌ഫോടനം നടക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഡോക്ടര്‍ മുസമ്മില്‍ ഷക്കീലടക്കമുള്ള എട്ടുപേരെ സ്‌ഫോടക വസ്തുക്കളുമായി പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News