ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നിലെ ഭീകരസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥി ജാനിസുര്‍ ആലം എന്ന നിസാര്‍ ആലത്തെ ബംഗാളിലെ ഉത്തര ദിനാജ്പുര്‍ ജില്ലയില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റുചെയ്തു.
ലുധിയാനയില്‍ താമസിക്കുന്ന നിസാര്‍ ബംഗാളിലെ പൂര്‍വിക ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം വിവാഹച്ചടങ്ങിനെത്തിയതായിരുന്നു. ഡല്‍ഹി സ്‌ഫോടനത്തില്‍ നിസാറിന് ബന്ധമുണ്ടെന്ന് അധികൃതര്‍ സംശയിക്കുന്നു.
ചോദ്യംചെയ്യലിനോട് സഹകരിക്കാതെ നിസാര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. അതിനിടെ, അല്‍ ഫലാഹ് സര്‍വകലാശാലയിലെ രണ്ടു ഡോക്ടര്‍മാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്കോട്ട സ്‌ഫോടനത്തിനുപയോഗിച്ച കാര്‍ ഓടിച്ച ഡോ. ഉമര്‍ നബിയുടെ സുഹൃത്തുക്കളായ മുഹമ്മദ്, മുസ്തകിം എന്നീ ഡോക്ടര്‍മാരാണ് ഹരിയാണയിലെ നൂഹില്‍ പിടിയിലായത്. നിലവില്‍ ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ 12 ആയി.
ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം ഒന്‍പതായി. 32 പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇതില്‍ 27 പേര്‍ പോലീസുകാരാണ്. കേന്ദ്രസര്‍ക്കാര്‍ അന്വേഷണം തുടങ്ങി.
കഴിഞ്ഞയാഴ്ച ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തിലെ പ്രതികളിലൊരാളായ ഡോ. മുസമ്മില്‍ ഷക്കീലിന്റെ ഹരിയാണ ഫരീദാബാദിലെ വാടകവീട്ടില്‍നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ സ്റ്റേഷനില്‍ പരിശോധിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി 11.20-ഓടെ അബദ്ധത്തില്‍ സ്‌ഫോടനമുണ്ടായത്.
ഫരീദാബാദിലെ പലയിടങ്ങളില്‍നിന്നായി മൂവായിരം കിലോയിലേറെ സ്‌ഫോടകവസ്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. ഇപ്പോള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന ഭീകരസംഘത്തെ സംബന്ധിച്ച ആദ്യകേസ് രജിസ്റ്റര്‍ചെയ്തത് നൗഗാമിലായതിനാലാണ് സ്‌ഫോടകവസ്തുക്കള്‍ അങ്ങോട്ടുകൊണ്ടുപോയതെന്നാണ് അധികൃതരുടെ വിശദീകരണം. ഈമാസം ഒന്‍പത്, പത്ത് തീയതികളില്‍ ഫരീദാബാദില്‍നിന്ന് പിടിച്ച സ്‌ഫോടകവസ്തുക്കള്‍ കശ്മീരിലേക്ക് കൊണ്ടുപോയത് ലോറിയിലാണ്. പ്രോട്ടക്കോളുകള്‍ പാലിച്ച് ചെറുസഞ്ചികളിലാക്കിയാണ് അവ നൗഗാമിലെത്തിച്ചത്.


