ന്യൂഡല്‍ഹി:പുതുവത്സര രാവില്‍ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടത്തിൽ കൊല്ലപ്പെട്ടത് അമൻ വിഹാർ സ്വദേശിയായ 20 വയസ്സുകാരി അഞ്ജലി. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി കാർ ഇടിച്ചുണ്ടായ അപകടത്തിലാണു മരിച്ചത്. ഇടിച്ച കാര്‍ 12 കിലോമീറ്ററോളം അഞ്ജലിയെ വലിച്ചിഴച്ചെന്നും നഗ്നമായ മൃതദേഹമാണു റോഡിൽ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നു കുടുംബം ആരോപിച്ചു. കാറിലുണ്ടായിരുന്ന 5 പേരെ അറസ്റ്റ് ചെയ്തെന്നു പൊലീസ് വ്യക്തമാക്കി. ക്രെഡിറ്റ് കാർഡ് കലക്‌ഷൻ ഏജന്റ്, ഡ്രൈവർ, റേഷൻ കടയുടമ തുടങ്ങിയവരാണു പ്രതികൾ. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയാണു അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചത്. യുവതിയെ വലിച്ചിഴച്ച് കാര്‍ മുന്നോട്ടുപോയി. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ നഗ്‌ന മൃതദേഹം കാഞ്ചന്‍വാലയിലാണു കണ്ടെത്തിയത്.
സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഡൽഹി ലഫ്.ഗവർണർ വി.കെ.സക്‌സേന, അപമാനഭാരത്താൽ തല താഴുന്നതായി ട്വീറ്റ് ചെയ്തു. ‘‘പ്രതികളുടെ രാക്ഷസീയമായ നിർവികാരത ഞെട്ടലുണ്ടാക്കി. കാഞ്ചൻവാല–സുൽത്താൻപുരിയിലെ മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തിന്റെ അപമാനഭാരത്താൽ എന്റെ തല താഴുകയാണ്. പ്രതികളെ പിടികൂടി. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കും’’– സക്സേന പറഞ്ഞു.
My head hangs in shame over the inhuman crime in Kanjhawla-Sultanpuri today morning and I am shocked at the monstrous insensitivity of the perpetrators.
— LG Delhi (@LtGovDelhi) January 1, 2023
Have been monitoring with @CPDelhi and the accused have been apprehended. All aspects are being thoroughly looked into.
സ്‌കൂട്ടറില്‍ ഇടിച്ചെന്നു മനസ്സിലായിട്ടും പ്രതികൾ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. കാറിന്റെ അടിഭാഗത്തു കുരുങ്ങിയ യുവതിയെ വലിച്ചുകൊണ്ടാണു വാഹനം മുന്നോട്ടു നീങ്ങിയത്. യുവതി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെടുന്നതു കണ്ട ഒരാള്‍ കാര്‍ നമ്പറടക്കം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. പരിശോധനയ്ക്കിറങ്ങിയ പൊലീസ് യുവതിയുടെ മൃതദേഹം റോഡിനു നടുവിൽ കിടക്കുന്നതാണു കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചു.
‘‘അവളുടെ വസ്ത്രം മുഴുവനായും കീറിപ്പോയിട്ടില്ല. പക്ഷേ, പൂർണ നഗ്നമായ മൃതദേഹമാണു കണ്ടെത്തിയത്. പ്രതികൾ മകളെ പീഡിപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണവും നീതിയും വേണം’’– അഞ്ജലിയുടെ അമ്മ രേഖ ആവശ്യപ്പെട്ടു. ‘‘അപകടം നടന്ന സ്ഥലം പൊലീസുകാർ രേഖയ്ക്കു കാണിച്ചുകൊടുത്തില്ല. കാറും സ്കൂട്ടറും സ്റ്റേഷനിലുണ്ടായിരുന്നു. വാഹനത്തിൽ നിറയെ ചോരയാണു കണ്ടത്. നിർഭയ സംഭവം പോലെയാണിത്. ഞങ്ങൾക്കു നീതി വേണം’’– അഞ്ജലിയുടെ അമ്മാവൻ പ്രേം സിങ് പറഞ്ഞു. അഞ്ജലിയുടെ പിതാവ് നേരത്തേ മരിച്ചിരുന്നു. 4 സഹോദരിമാരും 2 സഹോദരന്മാരുമുണ്ട്.
കാറിൽ കുരുങ്ങിയ യുവതിയെ 1.5 മണിക്കൂറോളം പ്രതികൾ റോഡിലൂടെ വലിച്ചിഴച്ചെന്നു ദൃക്‌സാക്ഷിയായ കടയുടമ ദീപക് ദഹിയ പറഞ്ഞു. നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ കേട്ടില്ലെന്നും കാർ ഓടിച്ചു മുന്നോട്ടു പോയെന്നും യു–ടേൺ എടുത്തെന്നും ദീപക് വ്യക്തമാക്കി. പുലർച്ചെ 3.24ന് ആണ് പൊലീസ് കൺട്രോൾ റൂമിൽ ആദ്യവിവരം ലഭിച്ചത്. യുവതിയുടെ മൃതദേഹം റോഡിൽ കിടക്കുന്നതായി 4.11ന് അടുത്ത ഫോൺ വന്നു. തുടർന്നാണു പരിശോധന ശക്തമാക്കിയത്. അപകടത്തെപ്പറ്റി അറിഞ്ഞില്ലെന്നു പ്രതികള്‍ ചോദ്യം ചെയ്യലില്‍ ആദ്യം പൊലീസിനോടു പറഞ്ഞു. അപകടമുണ്ടായെന്നും യുവതിയെ വലിച്ചിഴച്ചില്ലെന്നും പിന്നീടു മൊഴി നല്‍കി.
दिल्ली की सड़कों पर एक लड़की को नशे में धुत लड़कों ने अपनी गाड़ी से कई किलोमीटर तक घसीटा। उसका शव नग्न अवस्था में सड़क पर मिला। ये बेहद भयानक मामला है। दिल्ली पुलिस को हाज़िरी समन जारी कर रहे हैं। क्या सुरक्षा व्यवस्था थी न्यू ईयर के मौक़े पे ? pic.twitter.com/ai7XzuTOZg
— Swati Maliwal (@SwatiJaiHind) January 1, 2023
യുവതിയെ ഇടിച്ചശേഷം കടന്നുകളയാനാണു പ്രതികള്‍ ശ്രമിച്ചതെന്നാണു പൊലീസിന്റെ വിലയിരുത്തല്‍. യുവതിയും പ്രതികളും തമ്മില്‍ എന്തെങ്കിലും ഇടപാടുണ്ടോയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. വസ്ത്രങ്ങളില്ലാതെയാണു യുവതിയുടെ മൃതദേഹം കണ്ടെത്തിയതെങ്കിലും പീഡനം നടന്നിട്ടില്ലെന്നാണു നിഗമനമെന്നു ഡിസിപി ഹരേന്ദ്ര കെ.സിങ് വ്യക്തമാക്കി. സംഭവത്തിൽ ഞെട്ടല്‍ രേഖപ്പെടുത്തിയ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍, സത്യം പുറത്തുവരണമെന്ന് ആവശ്യപ്പെട്ടു. ഡല്‍ഹി പൊലീസിനു സ്വാതി നോട്ടിസ് അയച്ചു.