ദേശീയപാതയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍; പോലീസ് പരിശോധനയില്‍ കഞ്ചാവ് പിടികൂടി

കോട്ടക്കല്‍: ദേശീയപാതയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍. കോട്ടക്കല്‍ പറമ്പിലങ്ങാടി ഉമ്മത്തുംപടി അബ്ദുല്‍ റഹീം (22), പറപ്പൂര്‍ ചീരങ്ങന്‍ റഹൂഫ് (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജിയുടെ നിര്‍ദേശപ്രകാരം എസ്.ഐ കെ.എസ്. പ്രിയന്‍ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവരുടെ ബൈക്കില്‍ നിന്ന് 95 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. വാഹനവും കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ വാഹന പരിശോധനക്കിടെയാണ് സംഭവം. കാറും ഓട്ടോയും തമ്മില്‍ ഉരസിയതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ കാര്‍ ഡ്രൈവറെ മര്‍ദിച്ച ശേഷം വളാഞ്ചേരി ഭാഗത്തേക്ക് ഓടിച്ചുപോയി.

തുടര്‍ന്ന് ഇവരെ പറമ്പിലങ്ങാടിയില്‍ വെച്ച് കാറിലുള്ളവര്‍ തടഞ്ഞിട്ടു. സംഭവത്തില്‍ സമീപത്തുള്ളവരും യാത്രക്കാരും ഇടപെട്ടതോടെ യുവാക്കള്‍ കുരുമുളക് സ്‌പ്രേ അടിച്ചു. തുടര്‍ന്ന് അക്രമാസക്തരായ യുവാക്കളെ പിന്നാലെയെത്തിയ കോട്ടക്കല്‍ പൊലീസ് പിടികൂടുകയായിരുന്നു.

തുടര്‍പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. അറസ്റ്റിലായ റഹീം ഗുണ്ടാ പട്ടികയിലുള്ളയാളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. എസ്.ഐ മുരളീധരന്‍, സി.പി.ഒമാരായ ശരണ്‍, സൂരജ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News