കൊച്ചി: കൊച്ചി കോർപറേഷന്റെ മേയറെ തീരുമാനിക്കുന്നതിൽ ലത്തീൻ സഭയുടെ ഇടപെടൽ ഉണ്ടായെന്ന മേയർ വി.കെ. മിനിമോളുടെ പരാമർശത്തിൽ പ്രതികരണവുമായി കെപിസിസി ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ ദീപ്തി മേരി വർഗീസ്. കോൺഗ്രസ് ഒരു മതേതര പാർട്ടിയാണെന്നും മേയർ തിരഞ്ഞെടുപ്പിൽ ഒരു സമുദായത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ മറുപടി പറയേണ്ടത് മേയറും മേയറെ പിന്തുണച്ചവരുമാണെന്ന് അവർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് കൊച്ചി മേയർ സ്ഥാനത്തേക്ക് ഉയർന്നുകേട്ട പേര് ദീപ്തി മേരി വർഗീസിന്റേതായിരുന്നു.
കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ജനറൽ അസംബ്ലിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തന്റെ പദവിക്കുവേണ്ടി ലത്തീൻ സഭയുടെ ഇടപെടൽ ഉണ്ടായെന്ന മേയർ വി.കെ. മിനി മോളുടെ പരസ്യ പ്രതികരണം വന്നത്. 'ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അത് ലത്തീൻ സമുദായത്തിന്റെ ഒരു ഉറച്ച ശബ്ദം, സമുദായത്തിന് വേണ്ടി ഈ സമൂഹത്തിൽ ഉയർന്നതിന്റെ തെളിവാണ് എന്റെ ഈ കൊച്ചി മേയർ എന്ന പദവി എന്ന് ഉറച്ചുവിശ്വസിക്കുകയാണ്, എന്നായിരുന്നു അവരുടെ വാക്കുകൾ.
'എല്ലാ ജാതി മതങ്ങളേയും വിശ്വാസം സംരക്ഷിച്ച് പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്. ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനമല്ല. എല്ലാ മതങ്ങളേയും ഒരുമിച്ച് കൊണ്ട് പോകുന്ന പ്രസ്ഥാനമാണ്. മേയർ തിരഞ്ഞെടുപ്പിൽ ഒരു മതത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ മറുപടി പറയേണ്ടത് മേയറും മേയറെ പിന്തുണച്ചവരുമാണ്. കോൺഗ്രസിന്റെ നയം വ്യക്തമാണ്, ഇതിനെതിരേ ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് കെപിസിസിയും അതിന്റെ മുകളിലുള്ള എഐസിസി നേതൃത്വവുമാണ്. ഞാൻ വിശ്വസിക്കുന്ന കോൺഗ്രസ് ഒരു മതേതര പാർട്ടിയാണ്. ഇതിനെപ്പറ്റി പാർട്ടി നേതൃത്വം അന്വേഷിക്കട്ടേ, ദീപ്തി മേരി വർഗീസ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തന്നെ കൊച്ചി മേയർ പദവിയിലേക്ക് ലത്തീൻ സമുദായത്തിൽ നിന്നുള്ളവരെ പരിഗണിക്കണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ദീപ്തി മേരി വർഗീസിനെ ഒഴിവാക്കി ആ സ്ഥാനത്തേക്ക് ലത്തീൻ സമുദായാംഗമായ വി.കെ. മിനിമോളേയും ഷൈനി മാത്യുവിനേയും പരിഗണിക്കുകയായിരുന്നു. പിന്നാലെയാണ് രണ്ടര വർഷം ടേം അടിസ്ഥാനത്തിൽ വി.കെ. മിനി മോളും ഷൈനി മാത്യുവും മേയറാകുമെന്ന് കോൺഗ്രസ് പ്രഖ്യാപനം ഉണ്ടാകുന്നത്.
എന്നാൽ മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊള്ളുന്നതിൽ ലത്തീൻസഭയുടെ സ്വാധീനമുണ്ടെന്ന് അംഗീകരിക്കാൻ കോൺഗ്രസ് തയാറായിരുന്നില്ല. പാർലമെന്റെറി പാർട്ടി യോഗത്തിൽ ഷൈനി മാത്യുവിനും രണ്ടാം സ്ഥാനത്ത് മിനി മോൾക്കുമായിരുന്നു സ്വീകാര്യത ലഭിച്ചതെന്നും കൗൺസിലർമാരോട് നേരിട്ട് ചോദിച്ച് അഭിപ്രായം ആരാഞ്ഞ ശേഷമാണ് രണ്ടര വർഷം ടേം അടിസ്ഥാനത്തിൽ ഇരുവരും മേയർ സ്ഥാനത്തേക്ക് എത്തിയതെന്നുമാണ് കോൺഗ്രസ് പറഞ്ഞിരുന്നത്. അതേസമയം വികെ മിനി മോളും ഷൈനി മാത്യുവും മേയർ സ്ഥാനത്തേക്ക് എത്തുന്നതിനെതിരേ അന്ന് തന്നെ പരസ്യ വിമർശനവുമായി ദീപ്തി മേരി വർഗീസ് രംഗത്തെത്തുകയും ചെയ്തിരുന്നു.
കോൺഗ്രസിൽ സാമുദായിക ഇടപെടലുകൾ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനിടെയാണ് തനിക്ക് വേണ്ടി പിതാക്കന്മാർ സംസാരിച്ചുവെന്നും സഭക്ക് സംഘടനാശക്തി കാണിക്കാൻ കഴിഞ്ഞുവെന്നും വി.കെ. മിനിമോൾ പരസ്യമായി പറഞ്ഞത്.


