ടോക്യോ: അമ്പെയ്ത്ത് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. ക്വാർട്ടർ ഫൈനലിൽ മത്സരത്തിൽ ലോക ഒന്നാം നമ്പർ താരവും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുമായിരുന്ന ദീപിക കുമാരി പുറത്തായി. റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ യുവതാരം ആൻ സാനാണ് ഇന്ത്യൻ താരത്തെ കീഴടക്കിയത്.
നേരിട്ടുള്ള സെറ്റുകൾക്കാണ് ദീപികയുടെ തോൽവി. സ്കോർ: 6-0. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ആധിപത്യം പുലർത്താൻ താരത്തിന് സാധിച്ചില്ല. മറുവശത്ത് മികച്ച പ്രകടനത്തോടെ ആൻ സാൻ മൂന്ന് സെറ്റുകളും സ്വന്തമാക്കി. ആദ്യ സെറ്റ് 30-27 ന് സ്വന്തമാക്കിയ ആൻ രണ്ടാം സെറ്റും മൂന്നാം സെറ്റും 26-24 എന്ന സ്കോറിന് സ്വന്തമാക്കി.
ഒളിമ്പിക്സിൽ ആദ്യം നടന്ന റാങ്കിങ് മത്സരത്തിൽ ആൻ സാനാണ് ഒന്നാമതെത്തിയത്. അതുകൊണ്ടുതന്നെ ടൂർണമെന്റിലെ ടോപ് സീഡും താരമാണ്. ദീപിക 9-ാം സ്ഥാനത്താണുള്ളത്.അമ്പെയ്ത്തിൽ പുരുഷതാരം അതാനു ദാസിൽ മാത്രമാണ് ഇനി ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളത്.
2020 ഒളിമ്പിക്സിൽ ആദ്യ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതാ ഹോക്കി ടീം. അയർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യൻ വനിതകൾ കീഴടക്കിയത്.57-ാം മിനിട്ടിൽ നവനീത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയഗോൾ നേടിയത്. ആദ്യ മൂന്ന് ക്വാർട്ടറുകളിലും ഗോൾ നേടാൻ സാധിക്കാതിരുന്ന ഇന്ത്യ മത്സരമവസാനിക്കാൻ മിനിട്ടുകൾ ബാക്കിയുള്ളപ്പോഴാണ് ഗോളടിച്ചത്.
ആദ്യ മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയ ഇന്ത്യൻ ടീം നേരത്തേ ക്വാർട്ടർ കാണാതെ പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനോട് 5-1 ന്റെ തോൽവി വഴങ്ങിയ ടീം രണ്ടാം മത്സരത്തിൽ ജർമനിയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റു. മൂന്നാം മത്സരത്തിൽ ബ്രിട്ടൺ ഒന്നിനെതിരേ നാലുഗോളുകൾക്കാണ് ഇന്ത്യൻ ടീമിനെ കീഴടക്കിയത്.ടൂർണമെന്റിലെ അവസാന മത്സരത്തിൽ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടും.
ബോക്സിങ്ങിൽ വനിതകളുടെ 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ സെമിയിൽ. ക്വാർട്ടറിൽ ചൈനീസ് തായ്പെയ് താരം ചെൻ നിൻ ചിന്നിനെ തകർത്താണ് (4-1) ലവ്ലിന സെമിയിലേക്ക് മുന്നേറിയത്.നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ താരത്തെയാണ് 23-കാരിയായ ലവ്ലിന പരാജയപ്പെടുത്തിയത്.
ഇതോടെ മീരാബായ് ചാനുവിന് ശേഷം ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ മറ്റൊരു മെഡൽ കൂടി ഉറപ്പിച്ചു.ആദ്യ റൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാടിയ ലവ്ലിന 3-2-ന് റൗണ്ട് വിജയിച്ചു. ചൈനീസ് തായ്പെയ് താരത്തിനെതിരേ രണ്ടാം റൗണ്ടിൽ ആധിപത്യം പുലർത്തിയ ലവ്ലിന 5-0നാണ് രണ്ടാം റൗണ്ട് സ്വന്തമാക്കിയത്. പിന്നാലെ മൂന്നാം റൗണ്ടിലും മികച്ച പ്രകടനം പുറത്തെടുത്ത താരം ഇന്ത്യയ്ക്കായി മെഡൽ ഉറപ്പാക്കുകയായിരുന്നു.2018, 2019 ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കല മെഡൽ ജേതാവാണ് ലവ്ലിന.