ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തിലെ മുഖ്യപ്രതി പഞ്ചാബി നടന്‍ ദീപ് സിദ്ദു അറസ്റ്റിലായി. ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്ലാണ് സിദ്ദുവിനെ പിടികൂടിയത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയാണ് ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രതിഷേധക്കാര്‍ സിഖ് പതാക ഉയര്‍ത്തിയത്.
ഇതിന് നേതൃത്വം കൊടുത്തത് ദീപ് സിദ്ദുവാണെന്ന് ഡല്‍ഹി പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സിദ്ദുവിനെ പിടികൂടാനായി വ്യാപക തിരച്ചിലാണ് പോലീസ് നടത്തിയിരുന്നത്. സിദ്ദുവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പോലീസ് ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതിനിടെ സോഷ്യല്‍ മീഡിയയിലൂടെ ചെങ്കോട്ട സംഘര്‍ഷത്തെ ദീപ് സിദ്ദു ന്യായീകരിക്കുകയും ചെയ്തിരുന്നു. ജനാധിപത്യപരമായ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു സിദ്ദുവിന്റെ വാദം. റിപ്പബ്ലിക് ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് നിരവധി കര്‍ഷക നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു.