തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിന് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളം കൈയോടെ പിടിച്ചപ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനുള്ള നാണംകെട്ട ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ഇഎംസിസിയുമായി സര്‍ക്കാര്‍ ഏര്‍പ്പെട്ട ധാരണാപത്രത്തിന്റെ പകര്‍പ്പും അദ്ദേഹം പുറത്തുവിട്ടു. കമ്പനിയുമായി ഒപ്പിട്ട ധാരണപത്രത്തിന്റെ പകര്‍പ്പും കമ്പനിക്ക് സ്ഥലം അനുവദിച്ചതിന്റെ രേഖയുമാണ് അദ്ദേഹം പുറത്തുവിട്ടത്. സര്‍ക്കാര്‍ നയത്തില്‍ ഭേദഗതിവരുത്തി അമേരിക്കന്‍ കമ്പനിയെ സഹായിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്തത്.
ആഴക്കടലില്‍ നമ്മുടെ മത്സ്യത്തൊഴിലാളികളുടെ യാനം ഇറക്കുകയും ഇഎംസിസി സംഭരണവും സംസ്‌കാരണവും വിപണനവും നടത്തുന്ന തരത്തിലായിരുന്നു ആലോചന. കള്ളക്കളി കൈയോടെ പിടിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് ജാള്യതയാണ്. സര്‍ക്കാര്‍ നയത്തിന് എതിരെങ്കില്‍ എന്തിന് ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടു.
മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന രണ്ട് എംഒയുവും റദ്ദാക്കണമെന്നും ചെന്നിത്തല ആവിശ്യപ്പെട്ടു. ഇഎംസിസി കമ്പനി അധികൃതര്‍ തന്നെ കണ്ടിട്ടില്ല. അവരെ താന്‍ വിട്ടതാണെന്ന് തെളിയിക്കാന്‍ വ്യവസായ മന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.