വാഷിംഗ്ടൺ: സ്ത്രീകളുടെ ആയുർദൈർഘ്യവും ലൈംഗികബന്ധവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. 2005നും 2010 നുമിടയിലെ യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തൽ.ജേണൽ ഓഫ് സൈക്കോസെക്ഷ്വൽ ഹെൽത്തിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടാത്ത സ്ത്രീകളിൽ അകാലമരണത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ലൈംഗിക ബന്ധത്തിൽ അപൂർവ്വമായി ഏർപ്പെടുന്ന സ്ത്രീകൾക്ക് ആഴ്ചയിൽ ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് മരണ സാധ്യത 70 ശതമാനം കൂടുതലാണത്രേ.
ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. നല്ല ഉറക്കവും പ്രദാനം ചെയ്യും. ഇത് പ്രോലക്റ്റിൻ ഉത്പാദനത്തിന് ഗുണം ചെയ്യും. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുക, പ്രത്യുത്പ്പാദനത്തെ സ്വാധീനിക്കുക, സ്ത്രീകളിലും പുരുഷന്മാരിലും മൊത്തത്തിലുള്ള ഹോർമോൺ ബാലൻസ് നിലനിർത്തുക എന്നിവയെല്ലാം ലൈംഗികബന്ധത്തിലൂടെ ലഭിക്കുന്ന ഗുണങ്ങളാണ്.
ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ എല്ലാ ‘ഫീൽ ഗുഡ് കെമിക്കൽസും’ തലച്ചോറിലെത്തുന്നു. ഇതേ സമയം സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയുന്നു. ലൈംഗികതയുടെ സമയത്ത് രതിമൂർച്ഛയ്ക്കു ശേഷം ഡോപാമിൻ, എൻഡോർഫിൻ, ഓക്‌സിടോസിൻ തുടങ്ങിയ ഹോർമോണുകൾ എല്ലാം റിലീസ് ചെയ്യപ്പെടുന്നു. ഡോപാമിൻ തലച്ചോറിനെ ഉണർവുള്ളതാക്കുന്നു.
ലൈംഗികതയുടെ സമയത്തുണ്ടാകുന്ന ഓക്‌സിടോസിൻ എന്ന ഹോർമോൺ ആണ് സൗഖ്യവും സന്തോഷവും ഏകുന്നത്. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ കൂടി കൈ ചേർത്തു പിടിക്കുക, കെട്ടിപ്പിടിക്കുക, ചുംബിക്കുക ഇവയെല്ലാം തന്നെ സന്തോഷമേകുമെന്ന് മുതിർന്ന വ്യക്തികളിൽ നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്