ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ട്, മകനെ വിട്ടുകൊടുക്കരുത്; വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ജീവനൊടുക്കി

ന്യൂഡൽഹി: ‘ഞങ്ങൾക്ക് നാല് വയസ്സുള്ള ഒരു ചെറിയ കുട്ടിയുണ്ട്. ഞങ്ങൾക്കിടയിലുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അവൾ എന്നെ ഉപേക്ഷിച്ചു. എന്റെ കുട്ടിയെ അവന്റെ അമ്മയുടെ കൂടെ നിർത്തരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.’ ജീവനൊടുക്കും മുമ്പ് അവസാനമായി ചെയ്ത വീഡിയോയിൽ ഡൽഹി നിഹാൽ വിഹാർ സ്വദേശിയായ വികാസ് എന്ന യുവാവിന്റെ വേദനിപ്പിക്കുന്ന വാക്കുകൾ.

ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും അവഗണന താങ്ങാനാവാതെ കഴിഞ്ഞ വർഷം ജീവനൊടുക്കിയ ടെക്കി യുവാവ് അതുൽ സുഭാഷിന്റെ ആത്മഹത്യയോട് ഏറെ സാമ്യമുള്ളതാണ് വികാസിന്റെ മരണവും.

ഭാര്യയുടെ നിരന്തരമായ മാനസിക പീഡനത്തെക്കുറിച്ചും സാമ്പത്തിക ബാധ്യതകളാൽ തകർന്നതിനെക്കുറിച്ചും വീഡിയോയിൽ വികാസ് ആരോപിക്കുന്നു. തന്റെ ഭാര്യക്ക് ഷാക്കിബ് എന്നയാളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് വികാസ് ആരോപിക്കുന്നുണ്ട്. ഷാക്കിബിന് സൈബർ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നും മുമ്പ് തന്നെ കള്ളക്കേസിൽ കുടുക്കി. ഭാര്യ വീടുവിട്ടുപോയി മകനെയും കൂട്ടി നിലവിൽ അമ്മയോടൊപ്പമാണ് താമസിക്കുന്നതെന്നും വികാസ് പറയുന്നു.

താൻ കടബാധ്യതയിലാണെന്നും തന്റെ മകനെ സ്വന്തം കുടുംബത്തെ ഏൽപ്പിക്കണമെന്നും വികാസ് അഭ്യർത്ഥിച്ചു. ‘ഞാൻ വികാസ്. എന്റെ ഭാര്യ പൂജ, ഞങ്ങൾക്ക് നാല് വയസ്സുള്ള ഒരു ചെറിയ കുട്ടിയുണ്ട്. ഞങ്ങൾക്കിടയിലുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അവൾ എന്നെ ഉപേക്ഷിച്ച് മാറി താമസിക്കുകയാണ്. ഞങ്ങൾ വിവാഹിതരായിട്ട് അഞ്ച് വർഷമായി. ജീവിതം നന്നായി പോകുകയായിരുന്നു, എല്ലാം ശരിയായിരുന്നു പെട്ടന്നൊരു ദിവസം എല്ലാം തകരാൻ തുടങ്ങി.’ വീഡിയോയിൽ വികാസ് പറയുന്നു.

ഭാര്യ തന്നോട് കള്ളം പറഞ്ഞ് ഷാക്കിബിനൊപ്പം പുറത്തുപോകാറുണ്ടായിരുന്നു എന്നും അയാൾ ആരോപിച്ചു. ‘ഷാക്കിബിനെ വിശ്വസിച്ച് എന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. ഒറ്റയ്ക്ക് പുറത്തു പോകുകയാണെന്ന് അവൾ എന്നോട് എപ്പോഴും കള്ളം പറയും. എന്നാൽ പിന്നീട് അവൾ അവനോടൊപ്പമാണ് പോകുന്നതെന്ന് ഞാൻ മനസ്സിലാക്കി. എനിക്ക് ഇനി ജീവിക്കണ്ട.’

‘എന്റെ മകൻ എന്റെ മാതാപിതാക്കളുടെ കൂടെയിരിക്കണം, കാരണം അവർക്ക് ഇന്ന് ഒരു മകനെയാണ് നഷ്ടപ്പെടുന്നത്. എന്റെ കുട്ടിയെ അവളുടെ വീട്ടിൽ നിർത്താൻ എനിക്ക് കഴിയില്ല, കാരണം അവൾ തന്നെ മറ്റൊരാളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഞാൻ ഒരുപാട് ശ്രമിച്ചു… ചിലപ്പോൾ, ഞാൻ മദ്യപിക്കുകയും ചില ചീത്ത വാക്കുകൾ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷെ എനിക്കിനി ഇങ്ങനെ ജീവിക്കാൻ കഴിയില്ല.’ വികാസ് പറയുന്നു.

‘എന്റെ കുട്ടിയെ എന്റെ അമ്മയുടെ കൂടെ നിർത്തരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു; അവന് അവളുടെ കൂടെ ജീവിക്കാൻ താല്പര്യമില്ല. അവൾ എന്നെ ഒരു സൈബർ ക്രൈം കേസിൽ കുടുക്കിയിട്ടുമുണ്ട്.’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

അകന്നു കഴിയുന്ന ഭാര്യയുടെയും അവരുടെ കുടുംബത്തിന്റെയും പീഡനത്തെ തുടർന്ന് 2024 ഡിസംബർ ഒമ്പതിന് ബംഗളൂരുവിൽ ജീവനൊടുക്കിയ മുപ്പത്തിനാലുകാരനായ ടെക്കി അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി ഈ കേസിന് സാമ്യങ്ങളുണ്ട്. അതുലിന്റെ ആത്മഹത്യയെ തുടർന്ന് പുരുഷനും കുടുംബജീവിതത്തിൽ സമ്മർദ്ദം നേരിടുന്നത് രാജ്യം ചർച്ച ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News