മലപ്പുറം: എടവണ്ണയില്‍ യുവാവിനെ അയല്‍വാസിയായ സ്ത്രീ വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് തീ കൊളുത്തിക്കൊന്നതാണെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച സാജിദ് എന്ന ഷാജിയുടെ തൊട്ടടുത്ത് താമസിക്കുന്ന സാഫിയ, അമ്മ സാറാബി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ആദ്യം യുവാവിന്റേത് ആത്മഹത്യയാണെന്നാണ് പോലീസ് വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ഇതൊരു കൊലപാതകമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രിയാണ് ഹോട്ടല്‍ തൊഴിലാളിയായ സാജിദ് എന്ന ഷാജിയെ (അളിയന്‍ 45) തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വീടിന് പിന്നിലായി ഇയാളെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ തീ അണച്ചെങ്കിലും രക്ഷിക്കാനായില്ല.
കേസില്‍ പോലീസ് കാര്യക്ഷമമായി നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സാജിദ് എന്ന ഷാജിയെ മണ്ണെണ്ണയൊഴിച്ച് അയല്‍വാസിയായ സ്ത്രീ തീ കൊളുത്തുന്നത് കണ്ടെന്ന് തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പോലീസ് രേഖപ്പെടുത്തിയില്ല.
എടവണ്ണ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും, കേസില്‍ ലോക്കല്‍ പൊലീസല്ല, ഉന്നതതല അന്വേഷണം വേണമെന്നും സ്ഥലം സന്ദര്‍ശിച്ച പി കെ ബഷീര്‍ എംഎല്‍എ ആവശ്യപ്പെട്ടു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും പി കെ ബഷീര്‍ പറയുന്നു.