തിരുവനന്തപുരം: മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും മധ്യേ റെയിൽപാളത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട വിവിധ ട്രെയിനുകൾ വൈകി. ചിറയിൻകീഴ് സ്റ്റേഷനിൽ ഒരു മണിക്കൂറിലേറെ നിർത്തിയിട്ട വന്ദേഭാരത്, രാവിലെ ആറേമുക്കാലോടെയാണ് യാത്ര തുടർന്നത്. വേണാട്, ജനശതാബ്ദി, പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകളും വൈകി.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട സമ്പർക്ക് ക്രാന്തി ട്രെയിനിടിച്ചാണ് ഒരു സ്ത്രീ മരിച്ചതെന്നാണ് വിവരം. പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ലോക്കോ പൈലറ്റ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ മറ്റു ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു. പൊലീസെത്തി മൃതദേഹം മാറ്റിയതിനു പിന്നാലെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.