ബംഗളുരു: പ്രണയബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് കാമുകന്റെ സഹായത്തോടെ 15കാരി അച്ഛനെ കുത്തിക്കൊന്ന് തീകൊളുത്തി. ഉറക്കുഗുളിക നല്‍കി മയക്കിക്കിടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. 41കാരനായ ബിസിനസുകാരനാണ് കൊല്ലപ്പെട്ടത്.
പുതുച്ചേരിയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി പോയ ഭാര്യയെയും മകനെയും റെയില്‍വെ സ്റ്റേഷനില്‍ വിട്ടശേഷം തിരിച്ച് വീട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. വീട്ടില്‍ തിരിച്ചെത്തിയ അച്ഛന് മകള്‍ പാലില്‍ മയക്കുഗുളിക ചേര്‍ത്ത് നല്‍കി. പിന്നീട് കാമുകന്റെ സഹായത്തോടെ കത്തിയെടുത്ത് കുത്തി. ഇതിന് ശേഷം മൃതദേഹം വലിച്ച് ശുചിമുറിയില്‍ കൊണ്ടുപോയി തീയിട്ടു. വീട്ടിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിളിച്ചു. ഇതോടെ പ്രതികളെ പിടിയിലാകുകയായിരിന്നു.
കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തില്‍ 10 തവണ കുത്തേറ്റിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ഈയിടെ ഒരു മാളില്‍ വച്ച് കാമുകനാണ് അച്ഛനെ കൊലപ്പെടുത്താനുള്ള പദ്ധതി 15കാരിക്ക് പറഞ്ഞുകൊടുത്തത്. പെണ്‍കുട്ടി ഇത് അനുസരിക്കുകയായിരുന്നു.