തീപിടിച്ച കപ്പലിൽ അപകടകരമായ രാസവസ്തുക്കൾ, തീരത്ത് അജ്ഞാതവസ്തുക്കൾ കണ്ടാൽ തൊടരുതെന്ന് മുന്നറിയിപ്പ്

കൊച്ചി: തിങ്കളാഴ്ച തീപ്പിടിച്ച വാന്‍ ഹായ് 503 ചരക്കുകപ്പലിലെ തീ ഇനിയും അണക്കാനാവാത്തത് ആശങ്ക സൃഷ്ടിക്കുന്നു. നേവിയും കോസ്റ്റ് ഗാര്‍ഡും പ്രത്യേക പരിശീലനം ലഭിച്ച സാൽവേജ് സംഘവും തീയണക്കാനുള്ള നടപടികള്‍ തുടരുകയാണെങ്കിലും ലക്ഷ്യത്തിലെത്താനായിട്ടില്ല. കപ്പലില്‍ നിന്ന് കറുത്ത പുക ഉയരുകയാണ്. അതേസമയം കണ്ടെയ്നറുകൾ കേരളതീരത്ത് അടിയാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.

കപ്പലില്‍ അത്യന്തം അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കടലിന്റെ ഉപരിതലത്തിലോ കടല്‍തീരത്തോ ഏതെങ്കിലും അജ്ഞാതവസ്തുക്കള്‍ കണ്ടാല്‍ അവിടെ നിന്ന് മാറിനില്‍ക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. 200 മീറ്റര്‍ അകലം പാലിക്കണം. യാതൊരു കാരണവശാലും ഇത്തരം വസ്തുക്കളുടെ അടുത്തേക്ക് പോകരുതെന്നും വിവരങ്ങള്‍ അതത് ജില്ലാ ഭരണകൂടങ്ങളെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

കപ്പലിലെ വസ്തുക്കള്‍ കേരളതീരത്ത് അടിയാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട്ടിലേക്കോ ശ്രീലങ്കന്‍ തീരത്തോ കണ്ടെയ്‌നറുകള്‍ അടിയാനാണ് സാധ്യത. എന്നാല്‍ കാറ്റിന്റെ ഗതിക്കനുസരിച്ച് ഇതില്‍ മാറ്റം വന്നേക്കാം. നിലവില്‍ തെക്ക്- കിഴക്ക് ദിശയിലാണ് കണ്ടെയ്‌നറുകള്‍ ഒഴുകുന്നതെന്നാണ് ലഭിക്കുന്ന വിവരം. കപ്പല്‍ ഒഴുകിനീങ്ങുന്നത് തടയാന്‍ സാധിക്കുമോ എന്നും പരിശോധിക്കുന്നുണ്ട്. അപകടമുണ്ടായ സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്ററോളം കപ്പല്‍ ഒഴുകിനീങ്ങിയിട്ടുണ്ട്. ഇത് തടയാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോയ ‘എംവി വാന്‍ ഹായ് 503’ ഫീഡര്‍ കപ്പലിലാണ് കഴിഞ്ഞദിവസം തീപിടിച്ചത്. സിങ്കപ്പൂരില്‍ രജിസ്റ്റര്‍ചെയ്ത തയ്‌വാൻ കമ്പനിയുടെ കപ്പലാണിത്. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. കണ്ണൂര്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തുനിന്ന് 81.49 കിലോമീറ്റര്‍ (44 നോട്ടിക്കല്‍ മൈല്‍) അകലെയായിരുന്നു അപകടം. കപ്പലിലെ കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചതിനുപിന്നാലെ കപ്പലിന് തീപിടിക്കുകയായിരുന്നു. 12.40-ഓടെ വന്‍തോതില്‍ തീ പടര്‍ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News