ഭോപ്പാല്‍: ദളിത് യുവാവിന്റെ മുഖത്തും ശരീരത്തിലും മനുഷ്യ വിസര്‍ജ്യം പുരട്ടിയതായി പരാതി. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഒബിസി വിഭാഗത്തില്‍പ്പെട്ട രാംകൃപാല്‍ പട്ടേലിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി.
ദശരഥ് അഹിര്‍വാര്‍ എന്ന 40 കാരനാണ് പട്ടേലിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വെള്ളിയാഴ്ച ഛത്തര്‍പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ബികൗര ഗ്രാമത്തില്‍ പഞ്ചായത്തിനായി ഡ്രെയിനിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് അഹിര്‍വാര്‍ പറഞ്ഞു. ഈ സമയം രാംകൃപാല്‍ പട്ടേല്‍ സമീപത്തെ ഹാന്‍ഡ് പമ്പ് ഉപയോഗിച്ച് കുളിക്കുകയായിരുന്നു.
ഇതിനിടെ അഹിര്‍വാര്‍ നിര്‍മ്മാണ ജോലിക്ക് ഉപയോഗിച്ചിരുന്ന ഗ്രീസ് അബദ്ധത്തില്‍ പട്ടേലിന്റെ ദേഹത്തായി. ഇതില്‍ കുപിതനായ പട്ടേല്‍ സമീപത്തുണ്ടായിരുന്ന മനുഷ്യ വിസര്‍ജ്യം താന്‍ കുളിക്കാനുപയോഗിച്ച മഗ്ഗ് കൊണ്ട് കോരിയെടുത്ത് അഹിര്‍വാറിന്റെ ദേഹത്ത് പുരട്ടി എന്നാണ് പരാതി. പട്ടേല്‍ തന്നെ ജാതിയുടെ പേരില്‍ അധിക്ഷേപിച്ചതായും അഹിര്‍വാര്‍ മഹാരാജ്പൂര്‍ പൊലീസ് സ്റ്റേഷന് സമീപം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.
സംഭവം താന്‍ ആദ്യം പഞ്ചായത്തിനെയാണ് അറിയിച്ചതെന്നും എന്നാല്‍ തനിക്ക് 600 രൂപ പിഴ ചുമത്തുകയാണ് പഞ്ചായത്ത് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ഐപിസി 294 (അശ്ലീല പ്രവൃത്തികള്‍ അല്ലെങ്കില്‍ പൊതുസ്ഥലത്ത് വാക്കുകള്‍ എന്നിവയ്ക്കുള്ള ശിക്ഷ), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എസ് സി-എസ്ടി ആക്ടി എന്നിവ ഉപയോഗിച്ചാണ് പട്ടേലിനെതിരെ കേസെടുത്തിരിക്കുന്നത്.
അഹിര്‍വാര്‍ മറ്റുള്ളവരോടൊപ്പം ജോലി ചെയ്യുമ്പോള്‍ സമീപത്ത് കുളിക്കുകയായിരുന്ന പട്ടേലിനോട് തമാശ പറയുകയായിരുന്നു എന്നും ഇതിനിടയില്‍ പട്ടേലിന്റെ കൈയില്‍ ഗ്രീസായപ്പോള്‍ അദ്ദേഹം കൈകൊണ്ട് മനുഷ്യ വിസര്‍ജ്യം എടുത്ത് അഹിര്‍വാറിന്റെ ദേഹത്തേക്ക് എറിയുകയായിരുന്നു എന്നുമാണ് പൊലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ മന്‍മോസിംഗ്ഹാന്‍ പറഞ്ഞത്.
വ്യാഴാഴ്ചയാണ് സംഭവം നടന്നത് എന്നും ശനിയാഴ്ചയാണ് അഹിര്‍വാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത് എന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിനെക്കുറിച്ചുള്ള അഹിര്‍വാറിന്റെ പരാതിയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ മധ്യപ്രദേശിലെ സിധി ജില്ലയില്‍ ആദിവാസി യുവാവിന് നേരെ ഒരാള്‍ മൂത്രമൊഴിച്ച സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.