ദളിത് യുവാവിനെ മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ചു; എട്ട് പേര്‍ക്കെതിരെ കേസ്

ജയ്പൂര്‍: ദളിത് യുവാവിനെ മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസ്. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. ഈ മാസം 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോഴാണ് 25കാരനായ രാകേഷ് മേഘ്വാളിനെതിരെ ആക്രമണമുണ്ടായത്.

26ന് രാത്രി ഉമേഷ് ജാട്ട് എന്നയാള്‍ രാകേഷിന്റെ വീട്ടിലെത്തി രാകേഷിനോട് ഒപ്പം പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാകേഷ് അതിനു തയ്യാറായില്ല. തുടര്‍ന്ന് ഉമേഷും ഏഴ് സുഹൃത്തുക്കളും ചേര്‍ന്ന് രാകേഷിനെ ഉമേഷിന്റെ കാറില്‍ കയറ്റി അടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയി. രാകേഷിനെക്കൊണ്ട് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പ്രതികള്‍ എല്ലാവരും കുപ്പിയില്‍ മൂത്രമൊഴിച്ചു.

തുടര്‍ന്ന് ഈ മൂത്രം രാകേഷിനെക്കൊണ്ട് കുടിപ്പിക്കുകയായിരുന്നു. രാകേഷിനെ ജാതിപ്പേര് വിളിച്ച് പ്രതികള്‍ അവഹേളിക്കുകയും ചെയ്തു. ‘എല്ലാവരും ചേര്‍ന്ന് എന്നെ അര മണിക്കൂറോളം തള്ളി. ശരീരം മുഴുവന്‍ മുറിഞ്ഞു. മരിച്ചെന്ന് കരുതി അവര്‍ എന്നെ ഒരിടത്ത് ഉപേക്ഷിച്ചു. എന്റെ മൊബൈല്‍ ഫോണ്‍ അവര്‍ പിടിച്ചെടുത്തു.’- രാകേഷ് നല്‍കിയ പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News