ബോംബെ IIT-യിൽ ദളിത്‌ വിദ്യാർഥി ജീവനൊടുക്കി; ജാതി വിവേചനം ആരോപിച്ച് വിദ്യാർഥി സംഘടനകൾ

മുംബൈ: ബോംബെ ഐ.ഐ.ടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും ചാടി ദളിത്‌ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. അഹമ്മദാബാദ് സ്വദേശി ദര്‍ശന്‍ സോളങ്കി(18)യാണ് ജീവനൊടുക്കിയത്‌. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്യാമ്പസില്‍ സോളങ്കി നേരിട്ടിരുന്ന വിവേചനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു.

ആത്മഹത്യക്കുറിപ്പൊന്നും പോലീസിന് ലഭിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഠനത്തിലെ സമ്മര്‍ദ്ദമാണോ ആത്മഹത്യയിലേക്ക്‌
വിദ്യാര്‍ഥിയെ നയിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

എന്നാല്‍ ഇത് ഒരു വ്യക്തിപരമായ പ്രശ്‌നമല്ലെന്നും മറിച്ച് സംഭവത്തില്‍ ജാതീയത അടങ്ങിയിട്ടുണ്ടെന്നും ആരോപിച്ച് അംബേദ്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിള്‍ രംഗത്തെത്തി. വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ദളിത് വിദ്യാര്‍ഥികള്‍ കടുത്ത വിവേചനം നേരിടുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. സംവരണം ഉന്നയിച്ച് ദളിത് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുക പതിവാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News