ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, വിഷം നല്‍കി കൊല്ലാനും ശ്രമം; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിത് പെണ്‍കുട്ടിക്ക് നേരെ അതിക്രമം. ഗ്രേറ്റര്‍ നോയിഡയില്‍ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിക്ക് വിഷം നല്‍കിയിരുന്നു.

അക്രമം പുറത്തുപറഞ്ഞാല്‍ പ്രതികള്‍ കൊല്ലുമെന്നും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തിയതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ സെപ്റ്റംബര്‍ 28നാണ് കസ്ന പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒളിവിലായിരുന്ന പ്രതികളെ പോലീസ് പിടികൂടി.

പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് നേരിട്ട അതിക്രമം പെണ്‍കുട്ടി മാതാപിതാക്കളോട് തുറന്നുപറഞ്ഞു. ഇതോടെ പിതാവ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News