ന്യൂഡൽഹി: ഡി.കെ. ശിവകുമാറിനെ കർണാടക മുഖ്യമന്ത്രിയായി വൈകാതെ പ്രഖ്യാപിക്കുമെന്ന് വിവരം. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പകരക്കാരനായി അദ്ദേഹം വരുമെന്നും, പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക യോഗം ചേരുമെന്നും പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സിദ്ധരാമയ്യയോട് മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായാണ് വിവരം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആഭ്യന്തര മന്ത്രി ജി. പരമേശ്വര തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ പരിഗണനയിൽ വന്നിരുന്നെങ്കിലും, ഒടുവിൽ ഹൈക്കമാൻഡ് ശിവകുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിക്കുകയായിരുന്നു. കർണാടക കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാറിന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പിന്തുണയുമുണ്ട് എന്ന് ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
ഭരണകക്ഷിയിലെ പുതിയ ശക്തിപ്രകടനങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ മാറ്റം കർണാടക രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തും. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുണ്ടാക്കിയ അധികാര പങ്കിടൽ കരാർ മാനിച്ചാണ് പുതിയ തീരുമാനം. ഇരുനേതാക്കളും രണ്ടര വർഷംവീതം മുഖ്യമന്ത്രിയാകും എന്നായിരുന്നു ധാരണ.
ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന നിർണായക യോഗത്തിൽ പങ്കെടുത്ത ശിവകുമാർ തന്റെ യാത്രാ പദ്ധതിയിൽ മാറ്റം വരുത്തി, വ്യാഴാഴ്ച പുലർച്ചെ തന്നെ അദ്ദേഹം ബെംഗളൂരുവിലേക്ക് മടങ്ങും. പുതിയ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരാൻ സാധ്യതയുണ്ട്. സുഗമമായ ഭരണമാറ്റത്തിന് മേൽനോട്ടം വഹിക്കാൻ കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും ബെംഗളൂരുവിലെത്തും.
ചൊവ്വാഴ്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശിവകുമാറുമായും സിദ്ധരാമയ്യയുമായും പ്രത്യേക കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാൻ രാഹുൽ ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്ത അനുയായികളുമായി കൂടിയാലോചിക്കാൻ സിദ്ധരാമയ്യ സമയം ചോദിച്ചെങ്കിലും, ഹൈക്കമാൻഡ് നിർദ്ദേശം അദ്ദേഹം അംഗീകരിച്ചതായാണ് വിവരം.
ജൂൺ 18-ന് രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പുകൾ പൂർത്തിയായ ശേഷം സിദ്ധരാമയ്യ രാജിവെക്കുമെന്നാണ് പാർട്ടി ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഡൽഹിയിൽ മന്ത്രി കെ.ജെ. ജോർജിന്റെ വസതിയിൽവെച്ച് തന്റെ അടുത്ത സഹപ്രവർത്തകരുമായി നടത്തിയ ചർച്ചയിൽ, തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തുനിൽക്കാതെ ഉടൻ രാജിവെക്കുമെന്ന് സിദ്ധരാമയ്യ സൂചിപ്പിച്ചിട്ടുണ്ട്.
'രാഹുൽ ആവശ്യപ്പെടുമ്പോൾ താൻ രാജിവെക്കുമെന്ന് തുടക്കം മുതലേ പറഞ്ഞിരുന്നതാണെന്നും, ഇപ്പോൾ അദ്ദേഹം ആവശ്യപ്പെട്ട സ്ഥിതിക്ക് താൻ ഉടൻ ഒഴിയുമെന്നും' സിദ്ധരാമയ്യ മന്ത്രിമാരോട് പറഞ്ഞതായി പാർട്ടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.


