കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ അറസ്റ്റില്‍,എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത് കള്ളപ്പണക്കേസില്‍
ഡല്‍ഹി: കര്‍ണാടകത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ.ശിവകുമാര്‍ അറസ്റ്റില്‍. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവകുമാറിന്റെ അറസ്റ്റ്. ചോദ്യം ചെയ്യലുമായി ശിവകുമാര്‍ സഹകരിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ചോദ്യങ്ങള്‍ക്ക് ശിവകുമാര്‍ നല്‍കിയ ഉത്തരങ്ങള്‍ തൃപ്തികരമല്ല. ഈ സാഹചര്യത്തിലാണ് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തേ ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്ത് ശിവകുമാര്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ശിവകുമാറിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ ശിവകുമാര്‍ ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചിരുന്നു. ഗണേശചതുര്‍ത്ഥിയായിരുന്ന ഇന്നലെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെത്തുടര്‍ന്ന് ശിവകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനാകുകയും ചെയ്തു.
കര്‍ണാടകത്തില്‍ ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രധാന സൂത്രധാരന്‍മാരില്‍ ഒരാളായ ഡി കെ ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകളുണ്ടായിരുന്നു ഇതിനിടെയാണ് അറസ്റ്റ്.
2017 ഓഗസ്റ്റില്‍ കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ദില്ലിയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ വസതികളിലും റെയ്ഡ് നടത്തി. തുടര്‍ന്ന് പിടിച്ചെടുത്ത രേഖകളുടെ പരിശോധനകള്‍ക്കൊടുവിലാണ് അറസ്റ്റ്