തിരുവനന്തപുരം : മാൻഡസ് ചുഴലിക്കാറ്റിന്റെ ഫലമായി അറബികടലിൽ ഈർപ്പമുള്ള പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് വ്യാപക മഴ. തെക്കന്‍ ജില്ലകളില്‍ ശനിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ തുടരുന്ന സാഹചര്യത്തില്‍ പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ട് ആണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. എവിടേയും മണ്ണിടിച്ചിലോ മറ്റ് അനിഷ്ടസംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.
മാൻദൗസ് ചുഴലിക്കാറ്റിൻ്റെ ഭാഗമായി തമിഴ് നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും വിവിധ മേഖലകളിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്. തമിഴ് നാട്ടിലെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. റാണിപ്പേട്ട്, വെല്ലൂർ, തിരുവണ്ണാമലൈ, തിരുപത്തൂർ, കൃഷ്ണഗിരി, ധർമപുരി ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ആറ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. നാളെ കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മാൻദൗസ് ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും അഞ്ചു പേരാണ് തമിഴ് നാട്ടിൽ മരിച്ചത്. 181 വീടുകൾ തകർന്നു. ചെന്നൈ കോർപറേഷനിൽ മാത്രം 600 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൾ. സംസ്ഥാനത്ത് 205 ദുരിതാശ്വാസ ക്യാംപുകളിലായി ഒൻപതിനായിരത്തോളം പേരാണ് കഴിയുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 11 മുതൽ 13 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.