27.8 C
Kottayam
Wednesday, May 29, 2024

‘അമ്മാവൻ സിൻഡ്രോം മാറണം’: തരൂരിനെ തുണച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ്;കെ.പി.സി. രാഷ്ട്രീയകാര്യസമിതിയോഗം കൊച്ചിയില്‍ തുടങ്ങി

Must read

കണ്ണൂർ∙ ശശി തരൂർ എംപിയെ പിന്തുണച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പ്രമേയം. ഭ്രഷ്ട് കൊണ്ട് തരൂരിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും പ്രമേയത്തിൽ പറയുന്നു. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് പ്രമേയം പാസാക്കിയത്. മാടായിപ്പാറയിൽ നടക്കുന്ന ചിന്തൻ ശിബിരത്തിലാണ് തരൂരിന് പിന്തുണയും നേതാക്കൾക്ക് വിമർശനവും ഉന്നയിച്ചു കൊണ്ടുള്ള സംഘടനാ പ്രമേയം പാസാക്കിയത്.

കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയാറാകണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുന്നു. ശശി തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ കോൺഗ്രസ് നേതൃത്വം അഭിനന്ദനം അർഹിക്കുന്നു. നേതാക്കളുടെ അമ്മാവൻ സിൻഡ്രോം മാറണമെന്നും പ്രമേയത്തിൽ പറയുന്നുണ്ട്. 

കെപിസിസി രാഷ്ട്രീയകാര്യ സമിതി കൊച്ചിയില്‍ യോഗം ചേരുന്നു. അഞ്ചു മാസത്തിന് ശേഷമാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത്. യോഗം അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ സമിതിയില്‍ ഉള്‍പ്പെട്ട ചില അംഗങ്ങള്‍ തന്നെ നേരത്തെ അതൃപ്തി പ്രകടിപ്പിക്കുകയും നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഞായറാഴ്ച കൊച്ചിയില്‍ യോഗം ചേരാന്‍ തീരുമാനിച്ചത്.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചാല്‍ അത് ഇടതുമുന്നണിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെടുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗവും എതിര്‍ത്താല്‍ അത് ബിജെപിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെടുമെന്ന് മറ്റൊരു വിഭാഗവും ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ രാഷ്ട്രീയകാര്യ സമിതിയുടെ നിലപാട് നിര്‍ണായകമാകും.

സംസ്ഥാന വ്യാപകമായി തരൂര്‍ നടത്തുന്ന പര്യടനവും അതിന് ലഭിക്കുന്ന പിന്തുണയും യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ തരൂര്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ അച്ചടക്ക ലംഘനമാണെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അതേസമയം, തരൂരിന്റെ വിവിധ പരിപാടികളില്‍ അതാത് സ്ഥലങ്ങളിലെ എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. അങ്ങനെവരുമ്പോള്‍ ഇവര്‍ കാണിക്കുന്നതും അച്ചടക്കലംഘനം തന്നെയല്ലേയെന്നുള്ള ചോദ്യവും പാര്‍ട്ടിയിലെ മറ്റൊരു വിഭാഗം ഉയര്‍ത്തുന്നു.

മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല എന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം, ആര്‍എസ്എസിന് സംരക്ഷണം നല്‍കിയെന്ന സുധാകരന്റെ വിവാദപ്രസ്താവന എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെയാണ് യോഗം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week