ഉത്തർപ്രദേശിൽ ചുഴലിക്കാറ്റ്;ടിൻ ഷീറ്റിൽ തൂങ്ങി ആകാശത്തേക്ക് ഉയർന്നുപോയി യുവാവ്, മരിച്ചവരുടെ എണ്ണം 111 ആയി, കനത്ത നാശനഷ്ടം

ഉത്തർപ്രദേശിൽ ചുഴലിക്കാറ്റ്; ടിൻ ഷീറ്റിൽ തൂങ്ങി ആകാശത്തേക്ക് ഉയർന്നുപോയി യുവാവ്, 70-ലേറെ മരണം

ലഖ്നൗ: ഉത്തർപ്രദേശിൽ വീശിയടിച്ച അതിശക്തമായ ചുഴലിക്കാറ്റിലും മഴയിലും വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ബറേലി ജില്ലയിൽ ഒരു കല്യാണ മണ്ഡപത്തിൽ നിൽക്കുകയായിരുന്ന യുവാവ്, കാറ്റിൽ പറന്നുപോയ ടിൻ ഷീറ്റിൽ തൂങ്ങി ആകാശത്തേക്ക് ഉയർന്നുപോയി. അതിശക്തമായ കാറ്റിൽ മണ്ഡപത്തിന്റെ മേൽക്കൂര തകർന്നപ്പോൾ അതിൽ പിടിച്ചുനിന്ന യുവാവിനെ കാറ്റ് ഷീറ്റോടൊപ്പം വായുവിലേക്ക് ഉയർത്തുകയായിരുന്നു.

കുറച്ചുദൂരം വായുവിലൂടെ സഞ്ചരിച്ച യുവാവ് ഒടുവിൽ ഒരു വയലിലേക്കാണ് വീണത്. വീഴ്ചയുടെ ആഘാതത്തിൽ ഇദ്ദേഹത്തിന്റെ ഇരു കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേൽക്കുകയും ഒടിവുകൾ സംഭവിക്കുകയും ചെയ്തു. നിലവിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്തുടനീളം ശക്തമായ കാറ്റിലും മഴയിലും മിന്നലിലും മരിച്ചവരുടെ എണ്ണം 111 ആയി. 72 പേർക്ക് പരിക്കേറ്റതായാണ് വിവരം. കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ 200-ലധികം വീടുകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും വൻ തോതിൽ കന്നുകാലികളും വളർത്തു മൃഗങ്ങളും ചത്തൊടുങ്ങുകയും ചെയ്തു.

ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രയാഗ്‌രാജിലാണ്. 21 പേരാണ് മരണപ്പെട്ടത്. മിർസാപൂരിൽ 19 പേ‍ർക്കും ജീവൻ നഷ്ടമായി. ഫത്തേപൂർ,​ ബദായൂൻ,പ്രതാപ്ഗഡ്,ചന്ദൗലി, കുശിനഗർ, കാൺപൂർ ദേഹത്, സോൻഭദ്ര, ദോരിയ,​ ബറേലി എന്നിവിടങ്ങളിലും മരണങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശക്തമായ കാറ്റിൽ മരങ്ങളും വൈദ്യുതി തൂണുകളും വ്യാപകമായി കടപുഴകി വീണു. വീടുകൾ തകർന്നും മതിൽ ഇടിഞ്ഞുമാണ് പല മരണങ്ങളും സംഭവിച്ചതെന്ന് അധികൃത‌ർ വ്യക്തമാക്കി. കാൺപൂർ ദേഹതിലും ദോരിയയിലും ഇടിമിന്നലേറ്റ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

രന്തബാധിതർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജീവഹാനി, കന്നുകാലികളുടെ മരണം, വസ്തുവകകളുടെ നാശം എന്നിവ കണക്കാക്കി 24 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാര വിതരണം പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. ജില്ലാ ഉദ്യോഗസ്ഥർ നേരിട്ട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും ഇരകളായ കുടുംബങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകണമെന്നും മുഖ്യമന്ത്രി കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. സഹായം എത്തിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News