അഹമ്മദാബാദ്: ഗുജറാത്ത് തീരമേഖലയില്‍ കനത്ത നാശംവിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. വ്യാഴാഴ്ച വൈകീട്ടോടെ കരതൊട്ട ചുഴലിക്കാറ്റില്‍ അഞ്ഞൂറിലധികം മരങ്ങള്‍ കടപുഴകി. പോസ്റ്റ് ഒടിഞ്ഞ് വീണ് 940 ഗ്രാമങ്ങളില്‍ വൈദ്യുതി മുടങ്ങി. വ്യാപകമായ കൃഷിനാശവുമുണ്ടായി. ഇതുവരെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. എട്ട് ജില്ലകളിലായി 22 പേര്‍ക്ക് പരിക്കേറ്റു. മരം വീണും ഇലക്ട്രിക് പോസ്റ്റുകള്‍ വീണുമാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്.
ഭാവ്‌നഗറിലാണ് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തത്. വീടിന് സമീപത്ത് കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനുമാണ് മരിച്ചത്. മരം വീണ് ദ്വാരകയില്‍ മൂന്നാള്‍ക്ക് പരിക്കേറ്റു. രൂപന്‍ ബേതില്‍ കുടുങ്ങിയ 72 പേരെ എന്‍.ഡി. ആര്‍. എഫ്. സംഘം രക്ഷിച്ചു.
ശക്തമായ വായുപ്രവാഹത്തില്‍ തിരകള്‍ പതിവിലും മൂന്നു മീറ്ററിലേറെ ഉയര്‍ന്നു. ഓഖയില്‍ ബോട്ടുജെട്ടിക്ക് നാശമുണ്ടായി. പെട്രോള്‍ പമ്പ് തകര്‍ന്നുവീണു. മുന്ദ്രയില്‍ അദാനി പവറിന്റെ മുഖ്യ ഓഫീസിന് കേടുപാടുകളുണ്ടായി. ചുഴലിക്കാറ്റ് വ്യാപക നാശംവിതച്ച കച്ച് മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റും മേഖലില്‍ വീശുന്നുണ്ട്. സൗരാഷ്ട്രയിലെ പല മേഖലകളിലും മഴ കുറഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് തീവ്രന്യൂന മര്‍ദമായും പിന്നീട് ന്യൂന മര്‍ദമായും ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 125 കിലോമീറ്റര്‍ വേഗതയില്‍ കരയിലേക്ക് പ്രവേശിച്ച കാറ്റിന്റെ വേഗത കുറഞ്ഞുവരുകയാണ്. നിലവില്‍ 100 കിലോമീറ്ററില്‍ താഴെ വേഗതയാണ് കാറ്റിനുള്ളത്. ഉച്ചയോടെ വേഗം 40 കിലോമീറ്ററിലേക്ക് എത്തുന്ന കാറ്റ് കച്ച് മേഖലയില്‍ നിന്ന് രാജസ്ഥാനിലേക്ക് പോകും. ഇതോടെ രാജസ്ഥാനില്‍ മഴയുടെ ശക്തി കൂടും. പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ടെലിഫോണില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ദേശീയ-സംസ്ഥാന ദുരന്തനിവാരണസേനകളുടെ 27 സംഘങ്ങളാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനുള്ളത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി എട്ടു തീരദേശജില്ലകളില്‍നിന്നായി ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചിരുന്നു. ദുരിത ബാധിത മേഖലയില്‍ കൂടി ഓടുന്ന 99 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് കാറ്റിന്റെ കരപ്രവേശം കാലാവസ്ഥാനിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചത്. 50 കിലോമീറ്റര്‍ വ്യാസമുള്ള കേന്ദ്രഭാഗം അപ്പോള്‍ ജക്കാവുതീരത്തിന് 70 കിലോമീറ്റര്‍ അകലെയായിരുന്നു. അര്‍ധരാത്രിയോടെയാണ് കാറ്റ് പൂര്‍ണമായും കരയിലെത്തിയത്.