ലോസ് ആഞ്ചലസ്: സര്‍ക്കാര്‍ സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും സ്ഥാപനങ്ങള്‍ക്കുള്ളില്‍ രേഖകള്‍ പങ്കിടാന്‍ ഉപയോഗിക്കുന്ന സെര്‍വര്‍ സോഫ്റ്റ് വെയറുകളെ ലക്ഷ്യമിട്ട് സജീവമായ സൈബറാക്രമണം നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഉപഭോക്താക്കള്‍ അടിയന്തിരമായി സുരക്ഷാ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദേശവും കമ്പനി നല്‍കി.
ആക്രമണങ്ങളെ കുറിച്ച് അറിഞ്ഞുവെന്നും അതുമായി ബന്ധപ്പെട്ട് ഫെഡറല്‍ സ്വകാര്യ മേഖലാ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്നും യുഎസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റികേഷന്‍ ഞായറാഴ്ച പറഞ്ഞു. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല.
ശനിയാഴ്ചയാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് പുറത്തിറക്കിയത്. സ്ഥാപനങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കുന്ന ഷെയര്‍പോയിന്റ് സെര്‍വറുകളില്‍ മാത്രമാണ് പ്രശ്‌നമുള്ളതെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. മൈക്രോസോഫ്റ്റ് 365 ലെ ക്ലൗഡ് സേവനമായ ഷെയര്‍ പോയിന്റ് ഓണ്‍ലൈന്‍ സേവനത്തെ സൈബറാക്രമണം ബാധിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
യുഎസിലേയും അന്തര്‍ദേശീയ തലത്തിലുള്ള ഏജന്‍സികളേയും വാണിജ്യസ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ഹാക്കിങ് ശ്രമങ്ങള്‍ നടക്കുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയിരക്കണക്കിന് സെര്‍വറുകള്‍ ഭീഷണിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സ്ഥാപനങ്ങളുടേയും സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടേയും മറ്റും വ്യാജ ഇമെയിലുകള്‍ നിര്‍മിക്കാനും വിശ്വാസ്യത നേടിയെടുക്കാനും ആള്‍മാറാട്ടം നടത്തി ഇരകളെ കബളിപ്പിക്കാനും പണം തട്ടാനും ഇതുവഴി ഹാക്കര്‍ക്ക് സാധിക്കും.
ഷെയര്‍പോയിന്റ് സബ്‌സ്‌ക്രിപ്ഷന്‍ എഡിഷന്റെ സുരക്ഷാ അപ്‌ഡേറ്റ് പുറത്തിറക്കിയതായി മൈക്രോസോഫ്റ്റ് ഞായറാഴ്ച അറിയിച്ചു. ഇത് എത്രയും വേഗം ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


