തിരുവനന്തപുരം: കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനുമെതിരേ സൈബർ പോര്. കോണ്ഗ്രസ് സൈബർ ടീം ഒഫീഷ്യൽ എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേജിലാണ് അധിക്ഷേപം.
ചെന്നിത്തലയും മകൻ രോഹിതും പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്ന പോസ്റ്റിൽ, ചെന്നിത്തല പാർട്ടിയിൽ നിന്നു രാജിവച്ചു പോകണമെന്നും ആവശ്യപ്പെടുന്നു. ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധമുയർത്തുന്നതു ചൂണ്ടിക്കാട്ടിയാണ് കോണ്ഗ്രസ് സൈബർ ടീം പേജിൽ കുറിപ്പ് പുറത്തിറങ്ങിയത്.
മൃതപ്രായാവസ്ഥയിലായ പാർട്ടിയെ ജീവിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരായി പ്രവർത്തിച്ച് പാർട്ടിയെ തകർക്കാനാണ് ചെന്നിത്തലയും മകനും നീക്കം നടത്തുന്നതെന്നാണ് ആരോപണം. പോസ്റ്റിനെതിരെ രംഗത്തെത്തിയ ഐ ഗ്രൂപ്പ് നേതാക്കൾ, ചില പാർട്ടി നേതാക്കൾ നിയോഗിച്ച സൈബർ ഗുണ്ട കളാണ് ഇതിനു പിന്നിലെന്നും ആരോപിച്ചു.