KeralaNews

‘ചങ്കേ കൂടെയുണ്ട്, തള്ളിപ്പറയാനല്ല, ചേര്‍ത്ത് നിര്‍ത്താനാണിഷ്ടം’ ധീരജ് വധക്കേസിലെ കൊലയാളിക്കായി സൈബര്‍ കോണ്‍ഗ്രസ് പോരാളികളുടെ മുറവിളി

കൊച്ചി: ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റു മരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലയാളിക്കായി മുറവിളി കൂട്ടി സൈബര്‍ കോണ്‍ഗ്രസ് പോരാളികള്‍. ധീരജിന്റെ വിയോഗത്തില്‍ കേരളം കണ്ണീര്‍ വാര്‍ക്കുന്നതിനിടെയാണ് നെഞ്ചില്‍ കഠാര കുത്തിയിറക്കിയവനായി അണികളുടെ പോരാട്ടം. യുഡിഎഫ് സൈബര്‍ പോരാളി അഡ്മിന്‍ അടക്കം, സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസിന് വേണ്ടി നിരന്തരം പോസ്റ്റുകള്‍ ഇടുന്നവരാണ് കൊലയാളിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ധീരജ് കൊല്ലപ്പെട്ട വാര്‍ത്തകളുടെ കമന്റ് ബോക്‌സുകളിലും ഗ്രൂപ്പുകളിലും സൈബര്‍ പോരാളികളുടെ പിന്തുണ പ്രകടമാണ്. ‘കെഎസ് യുവിന്റെ അനുജന്മാരെ എസ്എഫ്ഐയുടെ കഠാരയ്ക്ക് മുന്നില്‍ എറിഞ്ഞു കൊടുക്കാതെ അവരുടെ ദേഹത്ത് ഒരു മണ്ണ് തരി പോലും വീഴാതെ തന്റെ സഹപ്രവര്‍ത്തകരെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയവന്‍.. തള്ളിപറയാനല്ല ചേര്‍ത്ത് പിടിക്കാനാണ് ഇഷ്ടം’ ധീരജിന്റെ കൊലയാളി നിഖില്‍ പൈലിയുടെ ചിത്രം പങ്കുവെച്ച് കെഎസ് യു തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗുരുവായൂരും നിഖില്‍ പൈലിക്ക് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇടുക്കി കരിമണലില്‍ നിന്ന് ബസില്‍ യാത്ര ചെയ്യവെയാണ് പ്രതി പോലീസിന്റെ പിടിയിലായത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഖില്‍ അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

മണിയാറംകുടി സ്വദേശി നിഖില്‍ പൈലിക്ക് ഉന്നത കോണ്‍ഗ്രസ് ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരുടെ അടുത്ത അനുയായി കൂടിയാണ് നിഖില്‍ പൈലി. ഇക്കാര്യം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്.

ധീരജിനെ കൊന്ന ശേഷം നിഖില്‍ പൈലി ഓടി പോകുന്നത് കണ്ടെന്നാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍ വെളിപ്പെടുത്തിയത്. കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിച്ചത് സത്യന്റെ കാറിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജീനിയറിംഗ് എഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരുന്നു തളിപ്പറമ്പ് പാല്‍കുളങ്ങര രാജേന്ദ്രന്റെ മകന്‍ ധീരജ്. കുത്തേറ്റ അഭിജിത് ടി സുനില്‍, അമല്‍ എ എസ് എന്നിവര്‍ ചികിത്സയില്‍ കഴിയുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button