സി.പി.എം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷിന്‍റെ ഭാര്യയ്ക്ക് കാലടി സംസ്കൃത സര്‍വകലാശാലയില്‍ നിയമനം നൽകിയതിനെതിരെ ഇന്‍റര്‍വ്യു ബോര്‍ഡിലുണ്ടായിരുന്ന മൂന്ന് വിഷയ വിദഗ്ധര്‍ പരാതി നല്‍കിയത് വിവാദത്തിൽ ആയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ അഭിമുഖ സമിതിയിൽ ഉണ്ടായിരുന്ന ഡോ. ഉമര്‍ തറമേലിനുനേരേ സൈബര്‍ ആക്രമണം നടത്തുകയാണ് സി.പി.എം അണികള്‍.
സര്‍വകലാശാലയിലെ മലയാളം വിഭാഗത്തിലായിരുന്നു രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ അസിസ്റ്റന്‍റ് പ്രഫസറായി നിയമിച്ചത്. നിനിത കണിച്ചേരിക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും മറ്റൊരു ഉദ്യോഗാര്‍ഥിയാണ് ഒന്നാം റാങ്കില്‍ ഉണ്ടായിരുന്നതെന്നും വ്യക്തമാക്കി ഡോ. ഉമര്‍ തറമേല്‍, കെ.എം. ഭരതന്‍, പി. പവിത്രന്‍ എന്നിവര്‍ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കിയതാണ് വിവാദങ്ങൾക്ക് പിന്നിൽ. ഇതുസസംബന്ധിച്ച് ഉമര്‍ തറമേല്‍ സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റിനടിയിലും അദ്ദേഹത്തിന്‍റെ മറ്റ് സ്വകാര്യ പോസ്റ്റുകളിലുമാണ് സൈബര്‍ ആക്രമണം നടത്തുന്നത്
‘പേരിലുള്ള തറ സ്വഭാവത്തിലും കാണിക്കരുത് കേട്ടോ ബി.ജെ.പിക്കാര്‍ക്കെതിരെ ആവാതിരുന്നത് ഭാഗ്യം. ആയിരുന്നെങ്കില്‍ ഉമര്‍ തറ രാജ്യദ്രോഹിയും മുസ്ലിം തീവ്രവാദിയും ആയേനെ താങ്കള്‍. മനസ്സില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ എന്ത് ചെറ്റത്തരവും വിളിച്ച് പറയാമെന്നാണോ വിചാരിച്ചത്’- തുടങ്ങിയ രീതിയിലുള്ള അധിക്ഷേപ പോസ്റ്റുകളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.