കൊച്ചി:സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളിൽ നിയമനടപടിയുമായി ബാലതാരം ദേവനന്ദയുടെ കുടുംബം. എറണാകുളം സൈബർ പോലീസിന് ദേവനന്ദയുടെ അച്ഛൻ ജിബിൻ പരാതി നൽകി. പരാതിയുടെ പൂർണരൂപം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഒരുഭാഗം കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്നും മോശം പരാമർശങ്ങൾ നടത്തിയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു
‘എല്ലാവർക്കും നമസ്കാരം, പുതിയ സിനിമ ‘ഗു’വിന്റെ ഭാഗമായി ഞങ്ങളുടെ വീട്ടിൽ വെച്ച് ഒരു ചാനലിന് മാത്രമായി കൊടുത്ത ഇന്റർവ്യൂവിൽ നിന്ന് ഒരു ഭാഗം മാത്രം കട്ട് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും, മോശം പരാമർശങ്ങൾ നടത്തിയവർക്ക് എതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന വിവരം എന്റെ പ്രിയപ്പെട്ട നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു.’’, ദേവനന്ദ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോലീസിൽ നൽകിയ പരാതിയുടെ പൂർണരൂപം
‘‘ബഹുമാനപ്പെട്ട SHO മുൻപാകെ ദേവനന്ദയ്ക്കു വേണ്ടി ദേവനന്ദയുടെ പിതാവായ ജിബിൻ ബോധിപ്പിക്കുന്ന പരാതി,
എന്റെ മകളുടെ ഏറ്റവും പുതിയ സിനിമയായ ഗുവിന്റെ പ്രമോഷന്റെ ഭാഗമായി എന്റെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രമായി കൊടുത്ത അഭിമുഖത്തിൽ നിന്ന് ഞങ്ങളുടെ അനുവാദം ഇല്ലാതെ എന്റെ മകളെ സമൂഹ മാധ്യമത്തിൽ മനഃപൂർവം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികൾ അവരുടെ ഫെയ്സ്ബുക്ക് / യൂട്യൂബ് / ഇൻസ്റ്റഗ്രാം ചാനലുകളിലും/ പേജുകളിലും, മുകളിൽ പറഞ്ഞ ചാനലിൽ വന്ന ഇന്റർവ്യൂവിൽ നിന്ന് ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്ത് അവരുടെ സ്വന്തം വിഡിയോ കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തു.
ഇവരുടെ ഈ പ്രവർത്തി കൊണ്ട് എന്റെ 10 വയസ്സുള്ള മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുകയും, സമൂഹമധ്യേ മനഃപൂർവം അപമാനിക്കപ്പെടുകയും ചെയ്യുക ഉണ്ടായിട്ടുണ്ട്. ഈ പ്രൊഫൈൽ ഡീറ്റെയിൽസ് അടുത്ത പേജിൽ കൊടുത്തിട്ടുള്ളവയാണ്. ഈ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്‌ത വിഡിയോകൾ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കണം എന്നും താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ ജിബിൻ.’’
തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെയാണ് ദേവനന്ദ സിനിമയിലെത്തുന്നത്. മൈ സാന്റ, മാളികപ്പുറം, 2018, നെയ്മർ, അരൺമനൈ 4 തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത ‘ഗു’ ആണ് ഒടുവിലായി ദേവനന്ദയുടേതായി പുറത്തിറങ്ങിയ ചിത്രം.