KeralaNews

മന്ത്രിയ്ക്ക് നേരിടേണ്ടിവന്ന ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം, കുറിപ്പുമായി നടന്‍ സുബീഷ് സുധി

കണ്ണൂര്‍: മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തില്‍ നേരിടേണ്ടിവന്ന ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണമെന്ന് നടന്‍ സുബീഷ് സുധി. ഇൻബോക്സിലൂടെയും അല്ലാതെയും  ഭീകരമായ തെറിവിളികളാണ് ലഭിക്കുന്നത്. താന്‍ വിവേചനങ്ങളും മാറ്റിനിർത്തപ്പെടലുകളും അനുഭവിച്ചിട്ടുണ്ട്. നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും തെറിവിളികളെ ഭയമില്ലെന്നും സുബീഷ് സുധി വ്യക്തമാക്കി. 

വർഷങ്ങൾക്ക് മുമ്പ് അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോഴുണ്ടായ അനുഭവം സുബീഷ് പങ്കുവെച്ചു. മറ്റ് സുഹൃത്തുക്കളുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പോയപ്പോൾ കല്യാണം കഴിക്കുന്ന ആൾ തന്നെ മാത്രം മാറ്റിനിർത്തിയത് പൊള്ളുന്ന ഓർമയാണ്. തന്‍റെ ജാതിയോ രൂപമോ ആയിരുന്നിരിക്കാം പ്രശ്നമെന്ന് സുബീഷ് സുധി കുറിച്ചു. 

സമൂഹത്തിൽ നിന്ന് പല നിലയിൽ  അകറ്റിനിർത്തപ്പെട്ട താൻ സമാനമായ അനുഭവമുണ്ടായ മറ്റൊരു മനുഷ്യന്റെ വേദനയിൽ പ്രതികരിക്കുമെന്ന് സുബീഷ് സുധി പറഞ്ഞു. തന്നെ പിന്തുണക്കാൻ രാഷ്ട്രീയ പാർട്ടികളോ മറ്റുള്ളവരോ ഇല്ല. സമൂഹത്തിലെ നിരാലംബരായ മനുഷ്യർക്ക് വേണ്ടിയും സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടവർക്ക് വേണ്ടിയും താനെന്നും പ്രതികരിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കുറിപ്പിന്‍റെ പൂര്‍ണരൂപം

മന്ത്രി രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് ഇന്നലെ ഞാനിട്ട പോസ്റ്റിന് മറുപടിയായി  ഇൻബോക്സിലൂടെയും അല്ലാതെയും  ഭീകരമായ തെറിവിളികളാണ് എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നിടത്തോളം കാലം ഈ തെറിവിളികളെ ഭയക്കുന്നില്ല. കാരണം ഞാൻ ഈ സമൂഹത്തിൽ നിന്ന് ഒരുപാട് വിവേചനങ്ങളും മാറ്റിനിർത്തപ്പെടലുകളും അനുഭവിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ ഉണ്ടായ അനുഭവം ഇന്നും വേദനയോടെ മനസ്സിലുണ്ട്.

മറ്റു സുഹൃത്തുക്കളുടെകൂടെ ചെന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പോയപ്പോൾ കല്യാണം കഴിക്കുന്ന ആൾ എന്നെമാത്രം മാറ്റി നിർത്തിയത് പൊള്ളുന്ന ഓർമ്മയായി ഇന്നും നീറ്റലുണ്ടാക്കുന്നു. ചിലപ്പോൾ ഞാൻ ഉൾക്കൊള്ളുന്ന ജാതിയോ എന്റെ രൂപമോ ആയിരുന്നിരിക്കാം അയാളുടെ പ്രശ്നം. ജാതി ഭേദമന്യേ മറ്റുള്ളവരെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ.

സമൂഹത്തിൽ നിന്ന് പല നിലയിൽ  അകറ്റിനിർത്തപ്പെട്ട  ഞാൻ സമാനമായ അനുഭവമുണ്ടായ മറ്റൊരു മനുഷ്യന്റെ വേദനയിൽ സ്വാഭാവികമായും പ്രതികരിക്കും.അത് മന്ത്രിയായതുകൊണ്ട് മാത്രമല്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെ മാത്രമല്ല. അല്ലാതെയും അവരുടെ കൂടെ നിൽക്കുന്നവനാണ് ഞാൻ. അതുകൊണ്ട് എന്നെ തെറി വിളിക്കുന്ന സഹോദരങ്ങളോട് ഒന്നേ പറയാനുള്ളൂ. എന്നെ പിന്തുണക്കാൻ രാഷ്ട്രീയ പാർട്ടികളോ മറ്റുള്ളവരോ ഇല്ല. സമൂഹത്തിലെ നിരാലംബരായ മനുഷ്യർക്ക് വേണ്ടിയും സമൂഹത്തിൽ മാറ്റി നിർത്തപ്പെട്ടവർക്ക് വേണ്ടിയും ഞാനെന്നും പ്രതികരിച്ചുകൊണ്ടിരിക്കും.. എനിക്കെതിരെ വാളെടുക്കുന്ന നിങ്ങൾ ആദ്യം എന്നെയൊന്ന്  മനസ്സിലാക്കുക.

ഒരു മനുഷ്യന് മറ്റുള്ളവന്റെ വിഷമം മനസ്സിലാക്കി അതിലിടപെടാനുള്ള, പ്രതികരിക്കാനുള്ള അവകാശം ഈ ഇന്ത്യാ മഹാരാജ്യത്തുണ്ട്. അത് ഞാൻ തുടർന്നുകൊണ്ടേയിരിക്കും.

മന്ത്രി രാധാകൃഷ്ണനെ പിന്തുണച്ച് സുബീഷ് സുധിയുടെ കുറിപ്പ്

പ്രിയപ്പെട്ട സഖാവേ.. 

മനുഷ്യത്വത്തിന് മുന്നിൽ ജാതിയും മതവുമില്ലെന്ന് എന്നെപ്പഠിപ്പിച്ച പയ്യന്നൂരിൽ നിന്ന് താങ്കൾക്കുണ്ടായ ദുരനുഭവത്തിൻ വ്യക്തിപരമായി ഏറെ ഖേദം രേഖപ്പെടുത്തുന്നു. ഒപ്പം അങ്ങേയറ്റം രോഷവും പ്രതിഷേധവും അറിയിക്കുന്നു. പയ്യന്നൂർ പെരുമാൾക്ക് നേദിക്കാൻ മുസ്ലിം കുടുംബത്തിൽ നിന്ന് പഞ്ചസാര കൊണ്ടുവരുന്ന മത മൈത്രിയുടെ പാഠങ്ങൾ കണ്ടാണ് ഞങ്ങൾ വളർന്നത്. അമ്പലവും പള്ളിയും ചർച്ചും ഞങ്ങൾക്ക് കൂട്ടായ്മയുടെ തുരുത്തുകളാണ്. പലപ്പോഴായി ഞാൻ തൊഴാൻ പോയിട്ടുള്ള അമ്പലത്തിൽ നിന്ന് താങ്കൾക്ക് അനുഭവപ്പെട്ട വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടിൽ നിന്നായതിൽ ഞാൻ ലജ്ജിക്കുന്നു.. ഇത്തരം വിഷക്കൂടുകൾ ശാന്തി നടത്തുന്ന അമ്പലത്തിൽ ഇനി ഞാൻ പോകില്ല. പയ്യന്നൂർ എന്ന് എതവസരത്തിലും ഉയിര് പോലെ ഉയർത്തിക്കാട്ടുന്ന എനിക്ക് താങ്കൾക്കുണ്ടായ പ്രയാസത്തിൽ അതീവ ദുഃഖമുണ്ട്. ഏതെങ്കിലും 2 കൃമികളുടെ ദുഷ്പ്രവൃത്തി നാടിന്റെ മുഖമായോ മനസ്സായോ ആരും ഉയർത്തിക്കാട്ടരുത്.. ഇത്തരം ചിന്താഗതിക്കാരെ ഒറ്റപ്പെടുത്തി വൈവിധ്യങ്ങളെ കണ്ണിചേർക്കാൻ നമുക്ക് സാധിക്കണം.. പ്രിയ രാധാകൃഷ്ണൻ സർ നിങ്ങൾക്കുണ്ടായ പ്രയാസത്തിന് മാപ്പ്.. മാപ്പ്..മാപ്പ്”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button