കൊച്ചി:‘ദ് കേരള സ്റ്റോറി’ സിനിമാ റിലീസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നതിനിടെ, കേരളത്തിലെ മതസൗഹാർദം വ്യക്തമാക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച സംഗീത സംവിധായകൻ എ.ആർ.റഹ്മാനെതിരെ സൈബർ ആക്രമണം. കേരള സ്റ്റോറിയും റഹ്മാന്റെ ജീവിതവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും ദിലീപ് ആയിരുന്ന ആൾ മതപരിവർത്തനം നടത്തി റഹ്മാൻ ആയതാണെന്നും അടക്കമുള്ള കമന്റുകളും വരുന്നുണ്ട്.
കേരളത്തിലെ ഒരു മുസ്‌ലിം പള്ളിയിൽ വച്ച് ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിന്റെ വിഡിയോ ആണ് കഴിഞ്ഞ ദിവസം എ.ആർ.റഹ്മാൻ പങ്കുവച്ചത്. ‘ഇതും കേരളത്തിന്റെ മറ്റൊരു കഥയാണ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ചുരുങ്ങിയ സമയം കൊണ്ടു വൈറലായ വിഡിയോ 25 ദശലക്ഷത്തോളം ആളുകൾ കണ്ടു. പിന്നാലെയാണ് സൈബർ ആക്രമണം രൂക്ഷമായത്.
2020 ജനുവരി 19ന് നടന്ന, ആലപ്പുഴ സ്വദേശികളായ ശരത് ശശിയുടെയും അഞ്ജു അശോകിന്റെയും വിവാഹത്തിന്റെ വിഡിയോ ആണ് റഹ്മാൻ പങ്കുവച്ചത്. അഞ്ജുവിന്റെ കുടുംബത്തിന് സാമ്പത്തികപ്രയാസമുള്ളതിനാൽ സഹായത്തിനായി പള്ളിക്കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. 10 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും പള്ളി സഹായമായി നല്‍കി. പള്ളിക്കുള്ളിൽ മണ്ഡപം ഒരുക്കി ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ.