തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നിര്‍ണായക നടപടി. കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളില്‍ തിരികെ എത്തിക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യൂസി). ഇക്കാര്യം ചൂണ്ടിക്കാട്ടി ശിശുക്ഷേമ സമിതിക്ക് സിഡബ്ല്യൂസി ഉത്തരവ് കൈമാറി.
ബുധനാഴ്ച രാത്രിയാണ് ഉത്തരവ് ഇറങ്ങിയത്. നിലവില്‍ ആന്ധ്രാപ്രദേശിലെ ദമ്പതികള്‍ക്കൊപ്പമാണ് കുഞ്ഞുള്ളത്. കുടുംബക്കോടതി ശനിയാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് നടപടി. ഉത്തരവ് കൈപ്പറ്റാന്‍ ഇന്ന് രാവിലെ 11 ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പിലെത്തണമെന്ന് കുട്ടിയുടെ അമ്മ അനുപമയ്ക്കു നിര്‍ദേശം ലഭിച്ചു.
എന്നാല്‍ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി എടുക്കുംവരെ സമരം തുടരുമെന്ന് അനുമപ പറഞ്ഞു. നാളെ മറ്റൊരു കുട്ടിക്കും ദുരനുഭവം ഉണ്ടാകരുത്. കുറ്റക്കാരായവരെ സ്ഥാനങ്ങളില്‍നിന്നും മാറ്റുകയും നടപടി സ്വീകരിക്കുകയും വേണം. അതുവരെ സമരം തുടരുമെന്നും അവര്‍ പറഞ്ഞു. കുഞ്ഞിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ശിശുക്ഷേമ സമിതി ഉടന്‍ തുടക്കം കുറിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെത്തിച്ച് കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് സൂചന.
അതേസമയം, കേസില്‍ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നല്‍കിയെന്നാണ് അനുപമ നല്‍കിയിരിക്കുന്ന കേസ്. കേസില്‍ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. കേസന്വേഷണം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനിടെയാണ് ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.