CrimeKeralaNews

കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോകോള്‍,വിവരങ്ങള്‍ ആരാഞ്ഞ് അക്കൗണ്ട് ചോര്‍ത്തും;പിടിയിലായവര്‍ക്ക് കോടികളുടെ നിക്ഷേപം

തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന്ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയിൽ നിന്നും രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ പ്രതിക്ക് സ്വർണ-വജ്ര വ്യാപാരത്തിലുള്ളത് 60 കോടിയുടെ നിക്ഷേപമെന്ന് പൊലീസ്. സംഭവത്തിൽ മുംബയിൽ നിന്നും മുഖ്യപ്രതിയായ കേശവിനെ പൊലീസ് പിടികൂടി. പിന്നാലെ നടന്ന വിശദമായ ചോദ്യം ചെയ്യലിലൂടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന വീഡിയോ കോൾ മുഖേനയാണ് കേശവും സംഘവും തട്ടിപ്പുകൾ നടത്തിയതെന്നും പൊലീസ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത പണം ആദ്യം എത്തിയത് രാജസ്ഥാൻ സ്വദേശിയുടെ അക്കൗണ്ടിലേക്കാണെന്ന് അന്വേഷണത്തിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ടാക്സി ഡ്രൈവറായ അക്കൗണ്ട് ഉടമയെ രാജസ്ഥാനിൽ നിന്ന് സൈബർ പൊലീസ് പിടികൂടി വിശദമായി ചോദ്യം ചെയ്തിരുന്നു. ഒരു അക്കൗണ്ട് തുടങ്ങി പണം വാങ്ങി വിറ്റതല്ലാതെ മറ്റൊന്നും അറിയില്ലെന്നായിരുന്നു ഡ്രൈവറുടെ മൊഴി. ഒടുവിലാണ് തട്ടിപ്പ് നടത്തിയ കേശവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടിയെടുത്ത പണം എവിടേക്ക് പോയെന്നതിന് തെളിവുണ്ടാകാതിരിക്കാൻ പ്രതികൾ സ്വർണ – വജ്ര വ്യാപരത്തിലും ഓഹരിവിപണിയിലും നിക്ഷേപിക്കുമെന്ന് പൊലീസ് പറഞ്ഞു.സ്വയം തൊഴിൽ സംരഭങ്ങൾക്കെന്ന വ്യാജേന ഉത്തരേന്ത്യയിൽ നിരവധി ആളുകളെക്കൊണ്ട് അക്കൗണ്ടുകൾ തുടങ്ങിയാണ് തട്ടിപ്പ് സംഘം ഇടപാടുകൾ നടത്തിയിരുന്നത്.

അതുകൊണ്ട് തന്നെ അന്വേഷണമുണ്ടായാലും സംഘത്തിലെ പ്രധാനികളിലേക്ക് എത്താൻ വൈകും. തട്ടിപ്പ് നടത്താൻ മുംബയിൽ ഒരു കോൾ സെന്റർ വരെ ഇവർക്കുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

‘നിങ്ങളുടെ വിലാസത്തിൽ വന്ന ഒരു കൊറിയറിൽ നിന്നും മുംബയ് കസ്റ്റംസ് എംഡിഎംഎ പിടികൂടി. നിങ്ങളെ അറസ്റ്റ് ചെയ്യുന്നതിന് മുൻപായി ചോദ്യം ചെയ്യണം. ചോദ്യം ചെയ്യൽ ഓൺലൈനായാണ്. യൂണിഫോം ധരിച്ച ഒരാൾ വൈകാതെ വീഡിയോ കോളിലെത്തും’ എന്നാണ് തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിക്ക് ഫോണിൽ വന്ന കോളിലുണ്ടായിരുന്നത്.

തുടർന്ന് പ്രതികൾ ബാങ്ക് വിവരങ്ങൾ വിശദമായി ചോദിച്ചറിയും. അതിനുശേഷമാണ് ഒരു രൂപ പോലും അവശേഷിപ്പിക്കാത്ത നിലയിൽ പ്രതികൾ ഇയാളിൽ നിന്നും ഓൺലൈനായി പണം തട്ടിയെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button