കൊച്ചി: ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി നടൻ മമ്മൂട്ടിയുടെ വീട്ടിലും കസ്റ്റംസ് പരിശോധന. പനമ്പള്ളി നഗറിലെ പഴയ വീട്ടിലെ ഗാരേജിൽ സൂക്ഷിച്ച പഴയ കാറുകളുടെ രേഖകളടക്കം കസ്റ്റംസ് പരിശോധിച്ചു. വീട്ടിൽ ഇരുപതോളം വാഹനങ്ങളുണ്ട്.. ഇതിൽ കുറച്ചെണ്ണം മാത്രമാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതലും കേരളത്തിന് പുറത്താണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വാഹനങ്ങളുടെ ചരിത്രം അടക്കം പരിശോധിക്കും. നിലവിൽ ഭൂട്ടാനിൽ നിന്നും കൊണ്ടുവന്ന വാഹനങ്ങൾ ഇവിടെ ഇല്ലെന്നാണ് വിവരം.
രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്. ഭൂട്ടാൻ വഴി ആഢംബര വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. പഴയ വാഹനങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ എത്തിക്കുന്നതിനായി റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി വിവരം. ഇതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസിന്റെ ഓപ്പറേഷൻ നുംകൂർ.
കേരളത്തിൽ 30 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
ഭൂട്ടാനിൽ നിന്നും പഴയ വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ചില ഇളവുകളുണ്ട്. ഇത് മറയാക്കിയാണ് മറ്റ് രാജ്യങ്ങളിൽ നിന്നും വാഹനങ്ങൾ എത്തിക്കുന്നത്. ഭൂട്ടാനിൽ വ്യാജ മേൽവിലാസമുണ്ടാക്കിയാണ് തട്ടിപ്പ്. റാക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉപഭോക്താക്കളെ കുറിച്ച് കസ്റ്റംസിന് വിവരം ലഭിക്കുന്നത്. കേരള- ലക്ഷദ്വീപ് ചുമതലയുള്ള കസ്റ്റംസ് ഡയറക്ടറുടെ നേതൃത്തിലാണ് പരിശോധന.


