കസ്റ്റഡിമരണം കൂടുതൽ ഗുജറാത്തിൽ, കേരളത്തിൽ ഇല്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡിമരണം റിപ്പോര്‍ട്ടുചെയ്യുന്ന സംസ്ഥാനം ഗുജറാത്തെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ. 14 പേരാണ് കഴിഞ്ഞവര്‍ഷം ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് 2022-ല്‍ കേരളത്തില്‍ ഒരു കേസും രജിസ്റ്റര്‍ചെയ്തിട്ടില്ല. 2022-ലെ എന്‍.സി.ആര്‍.ബി. റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍.

ഗുജറാത്തില്‍ നാലുകേസുകളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും പത്തുകേസുകളില്‍ മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിനും ഉത്തരവിട്ടെങ്കിലും ഒരു കേസില്‍പ്പോലും കുറ്റപത്രം രജിസ്റ്റര്‍ചെയ്യുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഗുജറാത്തില്‍ എട്ടുമരണം ആത്മഹത്യയാണ്. അഞ്ചുമരണം ചികിത്സയ്ക്കിടയിലും ഒരു മരണം കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴുമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2021-ല്‍ ഗുജറാത്തില്‍ 23 കസ്റ്റഡിമരണവും 2020-ല്‍ 15 മരണവുമാണ് റിപ്പോര്‍ട്ടുചെയ്തത്. മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ചെയ്തതും മദ്യനിരോധിത സംസ്ഥാനമായ ഗുജറാത്തിലാണ്. മദ്യനിരോധന നിയമപ്രകാരം 2022-ല്‍ 3.10 ലക്ഷം കേസുകളും 2021-ല്‍ 2.83 ലക്ഷം കേസുകളും റിപ്പോര്‍ട്ടുചെയ്തു.

2022-ല്‍ കേരളത്തില്‍ കസ്റ്റഡിയില്‍നിന്ന് പ്രതികള്‍ രക്ഷപ്പെടാന്‍ശ്രമിച്ച 50 സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ഇതില്‍ ആറുപേര്‍ ലോക്കപ്പിനകത്തുനിന്നും 44 പേര്‍ ലോക്കപ്പിന് വെളിയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഐ.പി.സി. നിയമപ്രകാരമുള്ള ഏറ്റവുമധികം കുറ്റപത്രങ്ങള്‍ രജിസ്റ്റര്‍ചെയ്തത് കേരളത്തിലാണ്. എന്നാല്‍, ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടന്നത് കേരളത്തിലാണെന്ന് ഇതിനര്‍ഥമില്ലെന്നും കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ടുചെയ്യുന്നത് (ചാര്‍ജ് ഷീറ്റിങ്‌) കേരളത്തിലാണെന്ന് മാത്രമാണ് ഇത് അര്‍ഥമാക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022-ല്‍ കേരളത്തില്‍ 96 ശതമാനമാണ് ചാര്‍ജ് ഷീറ്റിങ്‌ നിരക്ക്.

കേരളത്തില്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ചെയ്ത 2.35 ലക്ഷം കുറ്റപത്രങ്ങളില്‍ 1.63 ലക്ഷവും അശ്രദ്ധയേറിയ വാഹനമോടിക്കലുമായി ബന്ധപ്പെട്ടതാണ്. രാജ്യത്ത് വാഹനമോടിക്കലുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ചെയ്തത് കേരളത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News