കൊച്ചി: കൊവിഡ് തീവ്രവ്യാപന പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവില്‍ വന്നു. കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏര്‍പെടുത്തിയിരിക്കുന്നത്. മേഖലയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നാണ് വിലയിരുത്തല്‍.
കൊവിഡ് തീവ്ര വ്യാപന ആശങ്ക ശക്തമായതോടെയാണ് ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ആലുവ നഗരസഭ, കീഴ്മാട്, കടുങ്ങല്ലൂര്‍, എടത്തല, ആലങ്ങാട്, കരുമാലൂര്‍, ചെങ്ങമനാട്, ചൂര്‍ണിക്കര പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ.
കൊവിഡ് വ്യാപനമുള്ള ഈ പ്രദേശങ്ങള്‍ ഒന്നിച്ച് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി പരിഗണിക്കും. കര്‍ഫ്യൂ മേഖലയില്‍ രാവിലെ ഏഴു മുതല്‍ ഒന്‍പത് മണി വരെയാണ് മൊത്തവിതരണം അനുവദിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രമാണ് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാനുള്ള അനുമതി. വിവാഹങ്ങള്‍ക്കും മരണാന്തര ചടങ്ങുകള്‍ക്കും ചടങ്ങുകള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണം.
ജില്ലയില്‍ രണ്ട് ദിവസത്തിനിടെ 157 പേര്‍ക്കാണ് സമ്പര്‍ക്കത്തിലുടെ രോഗം ബാധിച്ചത്. ഇന്നലെ 92 പേര്‍ക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. ഇതില്‍ 82 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കീഴ്മാട്, കുഴിപ്പള്ളി, തൃക്കാക്കര എന്നിവിടങ്ങളിലെ മൂന്ന് കന്യാസ്ത്രീ മഠങ്ങളിലെ 20 പേര്‍ക്ക് രോഗം ബാധിച്ചു. ആലുവ ക്ലസ്റ്ററില്‍ 13 പേര്‍ക്കും കീഴ്മാട് ക്ലസ്റ്ററില്‍ 6 പേര്‍ക്കും ചെല്ലാനത്ത് ഒരാള്‍ക്കുമാണ് രോഗബാധ.
ചെല്ലാനത്ത് ഇതുവരെ 224 പേര്‍ക്കാണ് രോഗം ബാധിച്ചത്. കടല്‍ക്ഷോഭം ദുരിതം വിതയ്ക്കുന്ന ചെല്ലാനത്ത് പ്രത്യേക ഇടപെടല്‍ ആരംഭിച്ചതായാണ് സര്‍ക്കാര്‍ വാദം. ഇടപ്പള്ളിയില്‍ മാത്രം ഇന്നലെ 5 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തൃക്കാക്കരയിലെ ഒരു വൈദികനും കൊവിഡ് ബാധ സ്ഥീരികരിച്ചു. ജില്ലയില്‍ 987 പേരാണ് രോഗം ബാധിച്ച് ചികാത്സയില്‍ കഴിയുന്നത്.